മെഴ്സിഡീസിനോട് വിടപറഞ്ഞ് ഫോര്‍മുല വണ്‍ ഇതിഹാസം ലൂയിസ് ഹാമിള്‍ട്ടന്‍. മേഴ്സിഡീസ് കാറിലെ അവസാന പോരാട്ടത്തില്‍ നാലാം സ്ഥാനക്കാരനായാണ് ഹാമിള്‍ട്ടന്‍ ഫിനിഷ് ചെയ്തത്. അടുത്തവര്‍ഷം മുതല്‍ ഫെറാറിയുടെ ചുവപ്പണിഞ്ഞ് ബ്രിട്ടീഷ് താരം ട്രാക്കിലിറങ്ങും.
മെഴ്സിഡീസ് കാറില്‍ അവസാനവട്ടം ട്രാക്കിലിറങ്ങുമ്പോള്‍ ഹാമിള്‍ട്ടന്റെ സ്ഥാനം 16ാമത്. അബുദാബിയിലെ യസ് മരീന സര്‍ക്യട്ടില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചുകയറി 6 വട്ടം ലോകചാംപ്യനാക്കിയ കാറിനോട് വിടചൊല്ലി ഇതിഹാസം.
11 വര്‍ഷം മെഴ്സിഡീസിനൊപ്പം ചീറിപ്പാഞ്ഞ ഹാമിള്‍ട്ടന്‍ 84 തവണ ഒന്നാമനായി. മൈക്കിള്‍ ഷൂമാക്കറുടെ ഏഴുലോകകിരീടങ്ങളെന്ന റെക്കോര്‍ഡ് മറികടക്കാന്‍ കൂടിയാണ് ഷൂമാക്കറെ ഇതിഹാസമാക്കി വളര്‍ത്തിയ ഫെറാറിയിലേക്ക് ഹാമിള്‍ട്ടനെത്തുന്നത്. ഫെറാറിയില്‍ ഹാമിള്‍ട്ടനെ കാണാന്‍ അടുത്തവര്‍ഷം ഏപ്രില്‍ വരെ കാത്തിരിക്കണം.