2023 ല്‍ ഇന്ത്യയില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പ് രാജ്യത്ത് 11,637 കോടി രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി അന്താരാഷ്ട്ര കിക്കറ്റ് കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ട്. ഇന്ത്യ ഫൈനലില്‍ തോറ്റെങ്കിലും മത്സര വേദികളായ നഗരങ്ങളിലെല്ലാം ടൂര്‍ണമെന്‍റിന്‍റെ ഗുണം ലഭിച്ചു. ടൂറിസം മേഖലയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാനായെന്നും ഐസിസിയുടെ റിപ്പോര്‍ട്ട് പറയുന്നു.
2023 ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ നടന്ന ടൂര്‍ണമെന്റ് ഇതുവരെ നടന്ന ഐസിസി ലോകകപ്പുകളില്‍ ഏറ്റവും വലുതാണ്. ഇത് ക്രിക്കറ്റിന്‍റെ സാമ്പത്തിക ശക്തി പ്രകടമാക്കിയെന്നും ഇന്ത്യയ്ക്ക് 1.39 ബില്യണിന്‍റെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഐസിസി ചീഫ് എക്സിക്യൂട്ടീവ് ജെഫ് അലാർഡിസ് പറഞ്ഞു.
അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ധരംശല, ഹൈദരാബാദ്, കൊലക്കത്ത, ലഖ്നൗ, മുംബൈ, പൂനെ എന്നിവിടങ്ങളാണ് ടൂര്‍ണമെന്‍റിന് വേദിയായത്. ഈ നഗരങ്ങളിലെല്ലാം ടൂറിസം മേഖലയ്ക്ക് 861.4 മില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക നേട്ടമുണ്ടാക്കി. താമസം, യാത്ര, ഭക്ഷണം, മദ്യം എന്നിവ ചേര്‍ന്ന് 515.7 ദശലക്ഷം ഡോളറിന്‍റെ വരുമാനം ഉണ്ടാക്കി. ഹോട്ടല്‍ മേഖലയില്‍ 48,000 സ്ഥിരം, താല്‍ക്കാലിക തൊഴിലവസരങ്ങളുണ്ടായി. വിദേശികളുടെ വരവ് 281.2 ദശലക്ഷം ഡോളറിന്‍റെ നേട്ടമുണ്ടാക്കി. 12.50 ലക്ഷം കാണികളുടെ പങ്കാളിത്തത്തോടെ ഏറ്റവും വലിയ ഐസിസി ടൂര്‍ണമെന്റാണ് ഇന്ത്യയില്‍ നടന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.