കേരള ഫുട്ബോളില്‍ വമ്പന്‍മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്ന് കരുതുന്ന സൂപ്പര്‍ ലീഗ് കേരളയ്ക്ക് ഇന്ന് കൊച്ചിയില്‍ തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ ഫോഴ്‌സാ കൊച്ചി മലപ്പുറം എഫ്സിയെ നേരിടും. രാത്രി എട്ടിന് കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയത്തിലാണ് മല്‍സരം.
തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ടീമുകള്‍ ഇന്നുമുതല്‍ മൈതാനത്തിറങ്ങുകയാണ്. വിദേശ കളിക്കാര്‍ക്കൊപ്പം, ഐഎസ്എല്ലിലും സന്തോഷ് ട്രോഫിയിലും, കെപിഎല്ലിലുമൊക്കെ മികവു കാട്ടിയവരെ ഉള്‍പ്പെടുത്തിയാണ് ടീമുകള്‍ എത്തുന്നത്. ഉദ്ഘാടന മല്‍രത്തില്‍ ജയമാണ് ലക്ഷ്യമെന്ന് കൊച്ചി നായകന്‍ സുഭാഷിഷ് റോയ്.
ആറുടീമുകളാണ് ടൂര്‍ണമന്‍റില്‍ പങ്കെടുക്കുന്നത്. കൊച്ചിക്കുപുറമെ, തിരുവനന്തപുരം, മഞ്ചേരി, കോഴിക്കോടും മറ്റ് മല്‍സരവേദികളാണ്. പോയിന്റു പട്ടികയില്‍ മുന്നിലെത്തുന്ന നാലു ടീമുകളാണ് സെമിയ്ക്ക് യോഗ്യത നേടുക. നവംബര്‍ പത്തിന് കൊച്ചിയിലാണ് ഫൈനല്‍.