ഒരു ഒളിംപിക്സിൽ രണ്ട് മെഡൽ എന്ന ചരിത്ര നേട്ടം കുറിച്ച താരമാണ് ഷൂട്ടർ മനു ഭാക്കർ. 10 മീറ്റർ പിസിറ്റളിലും 10 മീറ്റർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിലുമാണ് മനു വെങ്കല മെഡൽ നേടിയത്. ഒളിംപിക്സ് സമാപന ചടങ്ങിൽ ഹോക്കി താരം പിആർ ശ്രീജേഷിനൊപ്പം പതാകയേന്തിയതും മനു ഭാക്കറാണ്. ചടങ്ങിന് തൊട്ടുമുൻപായി മനുവും അമ്മയും ജാവലിൻ താരം നീരജ് ചോപ്രയുമായി സംസാരിച്ചിരുന്നു. രണ്ട് വിഡിയോകളും വൈറലായതിന് പിന്നാലെ ഇരുവരുടെയും ഭാവി ജീവിതത്തെ പറ്റി അഭ്യൂഹങ്ങളുയർന്നു. ഇക്കാര്യത്തിൽ തുറന്ന് സംസാരിക്കുകയാണ് മനു ഭാക്കർ.
അമ്മയും മനുവും നീരജിനോട് സംസാരിക്കുന്ന വിഡിയോയെ പറ്റി ഒരുപാട് കിവംദന്തികളുണ്ടല്ലോ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഇക്കാര്യത്തെ എനിക്ക് കൂടുതലറിയില്ല എന്നായിരുന്നു മനുവിന്റെ മറുപടി. '2018 മുതൽ മൽസരവേദികളിൽ ഞങ്ങൾ കാണാറുണ്ട്. അല്ലാതെ അത്രയധികം സംസാരിക്കാറില്ല. കാണുമ്പോൾ പരസ്പരം കുറച്ച് സംസാരിക്കും. പ്രചരിക്കുന്ന കിംവദന്തികളിൽ യാതൊരു സത്യവുമില്ല' എന്നാണ് മനു ഭാക്കർ പ്രതികരിച്ചത്.
മനുവിൻറെ അമ്മ നീരജ് ചോപ്രയോട് സംസാരിക്കുന്നതും നീരജിന്റെ കൈ തലയിൽ വച്ച് അനുഗ്രഹം വാങ്ങുന്നതുമാണ് ഒളിംപിക്സ് വേദിയിൽ നിന്നുള്ള ഒരു വിഡിയോ. മറ്റൊന്ന് സമാപന ചടങ്ങിന് മുൻപ് മനുവും നീരജും സംസാരിക്കുന്നതാണ്. ഇരുവരും വിവാഹിതരാകാൻ പോകുന്ന എന്ന മട്ടിലാണ് ഈ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
വിവാഹ വാർത്തകൾ ഇരുകുടുംബങ്ങളും നേരത്തെ തള്ളിയിരുന്നു. മകൾക്ക് വിവാഹ പ്രായമായിട്ടില്ലെന്ന് മനുവിൻറെ പിതാവ് സൂചിപ്പിച്ചിരുന്നു. 'മനു വളരെ ചെറിയ കുട്ടിയാണ്. അവൾക്ക് വിവാഹ പ്രായമായില്ല. ഈ സമയം ഇതിനെ പറ്റി ചിന്തിക്കുന്നില്ല' എന്നാണ് റാം കിഷൻ പറഞ്ഞത്. നീരജ് തൻറെ ഭാര്യയുമായി സംസാരിച്ചു നിൽക്കുന്ന വിഡിയോ കണ്ടതാണ്. അതിൽ പ്രത്യേകിച്ചൊന്നുമില്ല. നീരജിനെ സ്വന്തം മകനെപ്പോലെയാണ് സുമേധയും കാണുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു. 'നീരജിന് മെഡൽ കിട്ടയപ്പോൾ രാജ്യം മുഴുവൻ അറിഞ്ഞു, അതുപോലെ അവൻ കല്യാണം കഴിക്കുമ്പോഴും എല്ലാവരും അറിയും' എന്നായിരുന്നു നീരജിൻറെ അമ്മാവൻറെ പ്രതികരണം.