പാക്കിസ്ഥാനു വേണ്ടി ആദ്യ ഒളിംപിക്സ് സ്വര്‍ണം നേടുന്ന അഭിമാന താരമായി മാറിയ അര്‍ഷാദ് നദീമിന് നിലയ്ക്കാത്ത ആദരം. ഇന്ത്യന്‍ താരം നീരജ് ചോപ്രയെ പിന്നിലാക്കിയാണ് അര്‍ഷാദ് നദീമിന്റെ നേട്ടം. മെഡല്‍ നേട്ടത്തിനു പിന്നാലെ താരത്തിന്റെ കുടുംബത്തെക്കുറിച്ചും സാമ്പത്തിക സ്ഥിതിയെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പിന്നാലെ പാക്കിസ്ഥാനിലെത്തിയ അര്‍ഷാദിന് വലിയ തോതിലുള്ള സ്വീകരണമാണ് ലഭിച്ചത്. സാമ്പത്തിക പ്രോത്സാഹനങ്ങള്‍ പല മേഖലകളില്‍ നിന്നും ഒഴുകി. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷരീഫ് കഴിഞ്ഞ ദിവസം അര്‍ഷാദിനെ കാണാനെത്തി. മിയാന്‍ ചന്നുവിലെത്തിയ മറിയം അര്‍ഷാദിന് 10 കോടി രൂപയും ഒരു കാറും സമ്മാനിച്ചു. അര്‍ഷാദ് കുറിച്ച ഒളിംപിക്സ് റെക്കോര്‍ഡ് നമ്പറും അര്‍ഷാദിനു സ്വന്തമായി. PAK-92.97എന്ന രജിസ്ട്രേഷന്‍ നമ്പര്‍ കാറാണ് അര്‍ഷാദിനു ലഭിച്ചതെന്ന് പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം അര്‍ഷാദിന്റെ ഭാര്യാപിതാവ് മെഡല്‍ ജേതാവിന് സമ്മാനമായി നല്‍കിയത് ഒരു പോത്തിനെയാണ്. അവരുടെ നാട്ടില്‍ ഏറ്റവും ആദരവും മൂല്യവും കിട്ടുന്ന സമ്മാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മകളെ കല്യാണം കഴിക്കുന്ന സമയം നാട്ടിലെ ചെറിയ ചെറിയ ജോലികളൊക്കെ ചെയ്തുവരികയായിരുന്നു അര്‍ഷാദ്. സ്വന്തമെന്ന് പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ അര്‍ഷാദിന്റെ പാഷനെല്ലാം കായികരംഗത്തായിരുന്നെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒന്നിനെക്കുറിച്ചും ആരെക്കുറിച്ചും പരാതി ഇല്ലാത്ത വ്യക്തിയാണ് അര്‍ഷാദ് നദീമെന്നും പറയുന്നു ഭാര്യാപിതാവ്.
മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം നാട്ടില്‍ തന്നെയാണ് അര്‍ഷാദിന്റെ താമസം. പാക്കിസ്ഥാൻ പഞ്ചാബിലെ ഖാനെവാൾ ജില്ലയിലെ മിയാൻ ചന്നുവിൽ 1997 ജനുവരി 2ന് ജനിച്ച അർഷാദിന് ചെറുപ്പം മുതലേ കായികരംഗത്തോട് താൽപര്യമായിരുന്നു. അത്‌ലറ്റിക്സടക്കം പല ഇനങ്ങളിലും മികവ് പ്രകടിപ്പിച്ചെങ്കിലും ക്രിക്കറ്റിലായിരുന്നു പ്രധാന കമ്പം. പിന്നീട് കോച്ച് റഷീദ് അഹമ്മദ് സാഖിയുടെയും മുതിർന്ന സഹോദരൻമാരുടെയും ഉപദേശപ്രകാരമാണ് ജാവലിൻ ത്രോയിൽ നിലയുറപ്പിച്ചത്.
ജാവലിൻ ത്രോ ഫൈനലിൽ 92.97 മീറ്ററെന്ന റെക്കോർഡ് ദൂരമെറിഞ്ഞാണ് അർഷാദ് നദീം സ്വർണം നേടിയത്. ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്കായിരുന്നു ഈയിനത്തിൽ വെള്ളി.