പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചു. വെള്ളിമെഡല്‍ പങ്കുവയ്ക്കണമെന്നാവശ്യം. കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. അതേസമയം ഒറ്റദിവസം കൊണ്ട് വിനേഷിന് 2.7 കിലോയാണ് വര്‍ധിച്ചതെന്ന് ഇന്ത്യന്‍ ടീമിന്റെ മെഡിക്കല്‍ ഓഫിസര്‍ ഡോ. ദിന്‍ഷോ പര്‍ഡിവാല പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന വിനേഷ് ഫോഗട്ടിന്റെ ആരോഗ്യനില തൃപ്തികരമാണ്.
കായിക രംഗത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള കോര്‍ട്ട് ഓഫ് ആര്‍ബിറ്റേഷന്‍ ഫോര്‍ സ്പോര്‍ട്സിലാണ് വിനേഷ് ഫോഗട്ട് അപ്പീല്‍ നല്‍കിയത്. സ്വര്‍ണമെഡലിനായുള്ള പോരാട്ടത്തില്‍ മല്‍സരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു വിനേഷിന്റെ ആദ്യ അപ്പീല്‍. എന്നാല്‍ പിന്നീട് തിരുത്തി നല്‍കിയ അപ്പീലില്‍ വെള്ളിമെഡല്‍ പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. സ്വര്‍ണമെഡല്‍ പോരാട്ടത്തിന് യോഗ്യത നേടിയ ദിവസം ഭാരം അനുവദനീയമായ പരിധിയിലായിരുന്നു എന്നതാണ് കോടതിയെ സമീപിക്കാന്‍ കാരണം. സെമിഫൈനലിന് ശേഷം നടത്തിയ പരിശോധനയില്‍ വിനേഷ് ഫോഗട്ടിന് അനുവദനീയമായതിലും 2.7 കിലോ കൂടുതലായിരുന്നുവെന്ന് ഇന്ത്യന്‍ ടീമിന്റെ മെഡക്കല്‍ ഓഫിസര്‍ ഡോ. ദിന്‍ഷോ പര്‍ഡിവാല പറഞ്ഞു. മൂന്നുമല്‍സരങ്ങളുള്ളതിനാല്‍ ആരോഗ്യം കരുത്ത് നിലനിര്‍ത്താന്‍ ഭക്ഷണം കഴിച്ചതാകാം തിരിച്ചടിയായത്. മല്‍സരശേഷം രാത്രിയില്‍ ഭക്ഷണവും വെള്ളവും കഴിക്കാതെ വ്യായാമം ചെയ്ത് ഭാരം കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുറച്ചുകൂടി സമയം ലഭിച്ചിരുന്നെങ്കില്‍ വിനേഷിന് 50 കിലോ ഭാരത്തിലേയ്ക്ക് എത്താമായിരുന്നുവെന്നും ഡോ.ദിന്‍ഷോ പറയുന്നു.