Harmanpreet Singh celebrates winning the match, Paris 2024 Olympics - Hockey - Men's Bronze Medal Match - India vs Spain

Harmanpreet Singh celebrates winning the match, Paris 2024 Olympics - Hockey - Men's Bronze Medal Match - India vs Spain

പന്തിനും സ്റ്റികിനും മാത്രം കേള്‍ക്കാന്‍ പറ്റുന്ന ഈണത്തില്‍ നായകന്‍ ഹര്‍മന്‍പ്രീത് സിങ് ഒരു പാട്ടുമൂളി... പന്ത് സ്റ്റിക്ക് വിളിച്ച വഴിയേ വന്നു... മൂന്ന് മിനിറ്റിന്റെ ഇടവേളയില്‍ രണ്ട് തവണ.. ഫലം സ്‌പെയിനെതിരായ കളിയില്‍ 30-ാം മിനിറ്റിലും 33-ാം മിനിറ്റിലും ഗോളുകള്‍. വെങ്കലത്തിളക്കം. പാരിസ് ഒളിംപിക്‌സില്‍ ഹര്‍മന്റെ ഈണത്തില്‍ മയങ്ങി പന്ത് വന്നത് പത്തു തവണയാണ്. പ്രതിരോധം ഭേദിച്ച് ഗോളിയെ കബളിപ്പിച്ച് വലയ്ക്കുള്ളിലേക്ക് ഒളിച്ചു കടന്നു. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ടോക്കിയോയില്‍ ആറു ഗോളുകളാണ് ഹര്‍മന്‍ സ്വന്തമാക്കിയത്. പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കി ശരവേഗത്തില്‍ ഗോളടിക്കാനുള്ള ഹര്‍മന്റെ കഴിവ് എത്ര തവണ ഇന്ത്യയുടെ അഭിമാനമായിരിക്കുന്നു. വെങ്കലപ്പോരാട്ടത്തിലും ടീം അര്‍പ്പിച്ച വിശ്വാസം നായകന്‍ കാത്തു. 

India's Harmanpreet Singh, center, celebrates after scoring his side's first goal from a penalty corner during the men's semifinal field hockey match between Germany and India at the Yves-du-Manoir Stadium during the 2024 Summer Olympics, Tuesday, Aug. 6, 2024, in Colombes,

പഞ്ചാബിലെ കാര്‍ഷിക കുടുംബത്തില്‍ അച്ഛനെ ട്രാക്ടറോടിച്ച് സഹായിച്ച കുഞ്ഞുപയ്യന്റെ കയ്യില്‍ ഹോക്കി സ്റ്റിക്കെത്തിയത് അവിചാരിതമായാണ്. ട്രാക്ടറിന്റെ പരുക്കന്‍ ഗിയറുമായി മല്ലുപിടിച്ച ഹര്‍മന്‍ അതിവേഗത്തില്‍ ഹോക്കിയുടെ ഗിയര്‍ വരുതിയിലാക്കി. അന്നുവരെ ഹാര്‍മോണിയവും സംഗീതവും മാത്രം തലയിലുണ്ടായിരുന്ന ഹര്‍മന്‍ ഇന്ത്യന്‍ ഹോക്കിയുടെ എല്ലാമെല്ലാമായി. 2011 ല്‍ ജലന്ധറിലെ സുര്‍ജീത് അക്കദമിയില്‍ മികച്ച പരിശീലനാര്‍ഥം ഹര്‍മന്‍ എത്തി. പെനല്‍റ്റി കോര്‍ണര്‍ വിദഗ്ധരായ ഗഗന്‍പ്രീതും സുഖ്ജീതും ഹര്‍മനിലെ പ്രതിഭയുടെ മാറ്റുകൂട്ടിയെടുത്തു. ഹര്‍മന്റെ കരുത്തുകൂട്ടാന്‍ സാധാരണ ഹോക്കി ബോളിന് പകരം ഭാരമേറിയ പന്തുകള്‍ പരിശീലകര്‍ ഉപയോഗിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഹര്‍മന്‍ ലോകത്തിലെ ഏറ്റവും മികച്ച ഡ്രാഗ് ഫ്ലിക്കറായി പരുവപ്പെട്ടു.

2011 ല്‍ സുല്‍ത്താന്‍ ജോഹര്‍ കപ്പില്‍ ആയിരുന്നു ജൂനിയര്‍ നാഷണല്‍സില്‍ ഹര്‍മന്റെ അരങ്ങേറ്റം. സ്ഥിരതയാര്‍ന്ന പ്രകടനം ഹര്‍മനെ സീനിയര്‍ ടീമിലെത്തിച്ചു. 2015  മേയ് 3ന് ജപ്പാനെതിരെ അരങ്ങേറ്റം. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 14 ഗോളുമായി 2015 ലെ ഏഷ്യാ കപ്പില്‍ (ജൂനിയര്‍) തകര്‍പ്പന്‍ പ്രകടനം. സീനിയര്‍ തലത്തില്‍ അസ്ലന്‍ ഷാ കപ്പില്‍ (2016) രാജ്യത്തിനായി കന്നി ഗോള്‍. 2016 ല്‍ റിയോ ഒളിംപിക്‌സ് ടീമിലും ഹര്‍മന്‍ ഇടം നേടി. നിരാശയോടെ ഹോക്കി ടീം മടങ്ങിയെങ്കിലും അതേ വര്‍ഷം തന്നെ ജൂനിയര്‍ ലോകകപ്പ് ഇന്ത്യയ്ക്കായി നേടി ഹര്‍മന്‍ മിന്നുന്ന തിരിച്ചുവരവ് നടത്തി.

Flag-bearers Lovlina Borgohain and Harmanpreet Singh lead the Indian contingent during the opening ceremony of the 19th Asian Games at the Hangzhou Olympic Sports Centre Stadium, in Hangzhou, China, Saturday, Sept. 23, 2023.

പെനല്‍റ്റി കോര്‍ണറുകളില്‍ നിന്ന് വിജയം കണ്ടെത്തുന്ന മായാജാലക്കാരനായി ഹര്‍മന്‍ ടീമിന്റെ നെടുന്തൂണായി. 2022ലെ കോമണ്‍ വെല്‍്ത്ത് ഗെയിംസില്‍ 9 ഗോളുകളാണ് ഹര്‍മന്‍ സ്‌കോര്‍ ചെയ്തത്. 2022 ലെ FIH പ്ലെയര്‍ ഓഫ്് ദ് ഇയറുമായി. 200ഓളം മല്‍സരങ്ങളില്‍ രാജ്യത്തിനായി ഇറങ്ങിയ ഹര്‍മന്‍ 150ലേറെ ഗോളുകളും നേടി. 2020 ലെ ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം, ടോപ് സ്‌കോറര്‍, 2022 ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെള്ളി.. 2023 ജനുവരിയിലാണ് ഹര്‍മന്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനാകുന്നത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം. ഒപ്പം പാരിസിലേക്കൊരു ടിക്കറ്റും. അത് വെറുതേയായില്ല. ഹോക്കിയില്‍ വീണ്ടും ഒളിംപിക്‌സ് വെങ്കലം. 

'ഗുസ്തിക്കാര'നെന്നാണ് കൂട്ടുകാര്‍ ഹര്‍മനെ സ്‌നേഹം കലര്‍ത്തി വിളിക്കുന്നത്. ആ ഉറച്ച ശരീരം, കളിക്കളത്തില്‍ ഹര്‍മന്‍ പരമാവധി പ്രയോജപ്പെടുത്തുകയും ചെയ്തു. അസാമാന്യമായ കൈവഴക്കം , ലെഫ്റ്റ് ഡൗണിലും , റൈറ്റ് ഡൗണിലുമുള്ള കൃത്യത, ഗോളിയെ ആശയക്കുഴപ്പത്തിലാക്കാന്‍ പോന്ന ചടുലചലനങ്ങള്‍..അതിലെല്ലാം ഉപരി മനസാന്നിധ്യം... കളിക്കളത്തിലെ ഹര്‍മന്‍ മാജിക് രാജ്യം നെഞ്ചോട് ചേര്‍ക്കുകയാണ്. 

ENGLISH SUMMARY:

Boy who liked playing harmonium to India's hockey caption