neeraj-chopra

വ്യാഴാഴ്ച രാത്രി വലിയ പ്രതീക്ഷകളോടെയാണ് ഇന്ത്യയുടെ നീരജ് ചോപ്ര ജാവിലിനുമായി ട്രാക്കിലേക്ക് എത്തുന്നത്. 2021 ൽ ടോക്കിയോയിൽ എറിഞ്ഞിട്ട സ്വർണം പാരിസിലും രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. രാത്രി 11.45 നാണ് പുരുഷ ജാവിലിൻ ത്രോ ഫൈനൽ. നിലവിലെ ഒളിംപിക് ചാംപ്യനും ലോക ചാംപ്യനുമായ നീരജ് യോഗ്യതാ റൗണ്ടിൽ ഒന്നാമനായാണ് ഫൈനൽ ഉറപ്പിച്ചത്.

നീരജ് ഉൾപ്പെടെ 12 പേരാണ് ഫൈനലിൽ മത്സരിക്കുക. ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കളത്തിലെത്തുമ്പോൾ ഇന്ത്യക്കാർക്ക് മുന്നിൽ നിരവധി സമ്മാന ഓഫറുകളാണുള്ളത്. എല്ലാവർക്കും സൗജന്യ വിസ, വിമാന ടിക്കറ്റ് മുതൽ 1 കോടി രൂപയുടെ സ്കോളർഷിപ്പും പ്രഖ്യാപനങ്ങളിലുണ്ട്. സ്റ്റാർട്ടപ്പ്  കമ്പനി സിഇഒ മുതൽ ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത് വരെ സമ്മാനം പ്രഖ്യാപിച്ചവരിലുണ്ട്.

എല്ലാവർക്കും സൗജന്യ വിസ 

നിരജ് ചോപ്രാ സ്വർണം നേടുകയാണെങ്കിൽ ഓൺലൈൻ വിസ ആപ്ലിക്കേഷൻ സ്റ്റാർട്ടപ്പായ അറ്റ്ലിസ് എല്ലാവർക്കും സൗജന്യവിസ നൽകുമെന്നാണ് സ്ഥാപകനായ മോഹക് നഹ്ത പ്രഖ്യാപിച്ചത്. ലിങ്ക്ഡ്ഇന്നിൽ ഇതുസംബന്ധിച്ച് പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം. ഒരു ദിവസത്തേക്ക് എല്ലാവർക്കും സൗജന്യ വിസ നൽകും. ഏത് രാജ്യത്തേക്ക് വേണമെന്നത് ഓരോരുത്തർക്കും തീരുമാനിക്കാം എന്നിങ്ങനെയാണ് വാ​ഗ്ദാനങ്ങൾ. വിസ ലഭിക്കുന്നതിനായി പോസ്റ്റിന് താഴെ ഇ-മെയിൽ ഐഡി കമന്റ് ചെയ്യാനും മോഹക് നഹ്ത ആവശ്യപ്പെടുന്നുണ്ട്. ഈയൊരു പ്രഖ്യാപനം വഴി കമ്പനിയുടെ വെബ്സൈറ്റിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ 124 ശതമാനം വർധനവുണ്ടെന്നാണ് റിപ്പോർട്ട്. 

free-visa-post

സൗജന്യ വിമാന ടിക്കറ്റും 1 ലക്ഷം രൂപയും

നീരജ് ചോപ്ര സ്വർണം എറിഞ്ഞിട്ടാൽ സൗജന്യ വിമാന ടിക്കറ്റും ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചത് ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്താണ്. സോഷ്യൽ മീഡിയ പോസ്റ്റിൽ ലൈക്കും കമൻറും ചെയ്യുന്നവരിൽ നിന്ന് ഒരാൾക്ക് 1,00,089 രൂപയാണ് താരം പ്രഖ്യാപിച്ചത്. അതോടൊപ്പം 10 പേർക്ക് വിമാന ടിക്കറ്റും പന്ത് വാഗ്ദാനം ചെയ്യുന്നു.

1 കോടി രൂപ സ്കോളർഷിപ്പ് 

നീരജ് ചോപ്രായുടെ സ്വർണ നേട്ടം 1 കോടി രൂപയുടെ സ്കോളർഷിപ്പിലൂടെ ആഘോഷിക്കുമെന്നാണ് ​ഗുഡ്​ഗാവിലെ ജിഡി ​ഗോയങ്കെ സർവകലാശാലയുടെ വാ​ഗ്ദാനം. സ്പോർട്സിൽ കഴിവ് തെളിയിക്കുന്ന താരങ്ങൾക്ക് 1 കോടി രൂപയുടെ സ്കോളർഷിപ്പ് നൽകുമെന്ന് ജിഡി ​ഗോയങ്കെ ​ഗ്രൂപ്പ് എംഡി നിപുൻ ​ഗോയങ്കെ പറഞ്ഞു.