mirabai-chanu-paris

പാരിസ് ഒളിംപിക്സില്‍ ഭാരോദ്വഹനം സ്നാച്ച് – ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് ഇനത്തില്‍ ഇന്ത്യയുടെ മീരാഭായ് ചാനുവിന് നിരാശ. നാലാം സ്ഥാനം മാത്രമാണ് നേടാനായത്. സ്നാച്ച് പൂര്‍ത്തിയായപ്പോള്‍ ചാനു മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ 112 കിലോ  ഉയര്‍ത്താനായില്ല. ടോക്കിയോ ഒളിംപിക്സില്‍ മീരാഭായ് ചാനു വെള്ളിമെഡല്‍ നേടിയിരുന്നു. 300 മീറ്റര്‍ സ്റ്റീപ്പില്‍ ചേസില്‍ മല്‍സരിച്ച ഇന്ത്യയുടെ അവിനാശ് സാബ്​ലെയ്ക്ക് 11–ാമനായാണ് ഫിനിഷ് ചെയ്യാനായത്. ആദ്യമായാണ് ഈ ഇനത്തില്‍ ഇന്ത്യ ഫൈനലില്‍ മല്‍സരിച്ചത്. 

അതിനിടെ രാജ്യത്തിന്‍റെ സുവര്‍ണ പ്രതീക്ഷയുമായി നീരജ് ചോപ്ര ഇന്ന് ജാവലിന്‍ ത്രോ ഫൈനലില്‍ മത്സരിക്കും. രാത്രി 11.55നാണ് ഫൈനല്‍ തുടങ്ങുക. നിലവിലെ ഒളിംപിക്, ലോക ജേതാവായ നീരജിന് വെല്ലുവിളി ഉയര്‍ത്തി 11 പേര്‍ കൂടി മല്‍സരരംഗത്തുണ്ട്. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനവുമായാണ് നീരജ് ഫൈനലില്‍ എത്തിയത്. 

ഹോക്കി വെങ്കലമെഡല്‍ മല്‍സരത്തില്‍ ഇന്ത്യ ഇന്ന് സ്പെയിനിനെ നേരിടും. ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷിന്റെ കരിയറിലെ അവസാന മല്‍സരമാണ്. ഒളിംപിക്സോടെ ഹോക്കിയില്‍ നിന്ന് വിരമിക്കുന്നതായി ശ്രീജേഷ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ജര്‍മനിയോടും സ്പെയിന്‍ നെതര്‍ലന്‍ഡ്സിനോടുമാണ് സെമിഫൈനലില്‍ പരാജയപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സ് മെഡലാണ് ഇന്ത്യയുടെ ലക്ഷ്യം. കഴിഞ്ഞതവണ ഇന്ത്യ വെങ്കലമെഡല്‍ നേടിയിരുന്നു. 

ENGLISH SUMMARY:

Mirabai Chanu misses out on medal, finishes fourth in weightlifting event in Paris Olympics