പാരീസ് ഒളിംപിക്സില്‍ പുതു ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ട്. ഗുസ്തി 50 കിലോ ഫ്രീസ്റ്റൈലില്‍ മെഡലുറപ്പിച്ച് വിനേഷ് ഫോഗട്ട് ഫൈനലില്‍. ആദ്യമായാണ് ഇന്ത്യന്‍ വനിത താരം ഗുസ്തി ഫൈനലില്‍ എത്തുന്നത്. രാത്രി 11.23ന് നടക്കുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡര്‍ബ്രാന്‍ഡ്ട് ആണ് വിനേഷിന്റെ എതിരാളി.
മനസ്സില്‍ സൂക്ഷിച്ച നീതിക്കായുള്ള കനല്‍, ഗോദയില്‍ പോരാട്ട വീര്യമായി ആളിക്കത്തിയപ്പോള്‍ പാരീസില്‍ വിനേഷ് ഫോഗട്ട് പുതുചരിത്രം കുറിച്ചു. 50 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ഗുസ്തി സെമിയില്‍ ക്യൂബയുടെ ഗുസ്മാന്‍ ലോപസിന് അവസരങ്ങളൊന്നും നല്‍കാതെ 5-0ന് ആധികാരികമായി പരാജയപ്പെടുത്തി ഫൈനലില്‍. ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത.
പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ജേതാവും ഒന്നാം റാങ്കുകാരിയുമായ യുയി ഓസാകിയോട് അവസാന പത്ത് നിമിഷങ്ങളില്‍ പിടിച്ചുവാങ്ങിയ വിജയം. ക്വാര്‍ട്ടറില്‍ യുക്രെയ്ന്‍റെ ഒക്സാന ലിവാച്ചിനെതിരെ പൊരുതി നേടിയ ജയം. ഒടുവില്‍ സെമിയിലെ ഏകപക്ഷീയമായ ജയം. ഒരു ജേതാവിന്‍റെ ശരീരഭാഷയും പോരാട്ട മികവും പ്രകടിപ്പിച്ചാണ് വിനേഷ് ചരിത്ര ഫൈനലിലേക്ക് പോകുന്നത്. ഫൈനലില്‍ ജയിച്ചാല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന പുതു ചരിത്രം കാത്തിരിക്കുന്നു.