'ഈ നിമിഷത്തിനായാണ് ഞാന്‍ കാത്തിരുന്നത്. രാജ്യവും എന്‍റെ ജനങ്ങളും നല്‍കുന്ന പിന്തുണ എന്നെ കൂടുതല്‍ വിനീതയാക്കുന്നു. അഭിമാനത്തോടെ രാജ്യത്തിനായിറങ്ങും'.. ഇരട്ടമെഡല്‍ നേട്ടത്തിന് പിന്നാലെ മനു ഭാക്കര്‍ സമൂഹമാധ്യമത്തില്‍ കുറിച്ച വാക്കുകളാണ്. യോഗ്യതാ റൗണ്ടില്‍ രണ്ട് പോയിന്‍റിന് നഷ്ടമായ രണ്ടാം സ്ഥാനം സ്വര്‍ണം കൊണ്ട് തിരിച്ച് പിടിക്കാന്‍ ഇന്നിറങ്ങുകയാണ് മനു. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫൈനല്‍ മല്‍സരം. യോഗ്യതാ റൗണ്ടിലെ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസവും താരം പങ്കുവയ്ക്കുന്നു.
ഷൂട്ടിങിലെ മുന്‍ ലോക ചാംപ്യനായിരുന്ന ജസ്പാല്‍ റാണയാണ് മനുവിന്‍റെ പരിശീലകന്‍. ഷൂട്ടിങ് റേഞ്ചില്‍ നിന്ന് അത്ലീറ്റുകള് താമസിക്കുന്ന വില്ലേജിലേക്കുള്ള നടത്തമാണ് മനുവിന്‍റെ മിന്നും പ്രകടനത്തിന്‍റെ രഹസ്യമെന്ന് റാണ പറയുന്നു. അടുത്ത മല്‍സരത്തില്‍ എന്ത് ചെയ്യണമെന്നും പിഴവുകള്‍ എങ്ങനെ തിരുത്തണമെന്നുമെല്ലാം പതിനഞ്ച് മിനിറ്റ് നീളുന്ന ഈ നടത്തത്തിനിടയില്‍ കോച്ചും ശിഷ്യയും തമ്മില്‍ സംസാരിക്കും.
വീട്ടിലെത്തിയാല്‍ പിന്നെ 'ഷൂട്ടിങ്' സംസാരമില്ല. ബഹളവും അനാവശ്യ ടെന്‍ഷനുമില്ലാത്ത ഈ സമീപനം മനുവിനെ കുറച്ചൊന്നുമല്ല തുണച്ചതെന്നും ഇതൊരു തെറപ്യൂട്ടിക് നടത്തമാണെന്നും റാണ കൂട്ടിച്ചേര്‍ക്കുന്നു. അത്യാവശ്യം വന്നാല്‍ മാത്രമേ ഫോണില്‍ വിളിക്കുകയുള്ളൂവെന്നും മനുവിന്‍റെ ബോസ് മനു തന്നെയാണെന്നും റാണ വെളിപ്പെടുത്തുന്നു. ഗെയിംസ് വില്ലേജിന് പുറത്താണ് റാണയുടെ താമസം.
590 പോയിന്‍റാണ് ഇഷ്ടയിനമായ 25 മീറ്റര്‍ പിസ്റ്റളിന്‍റെ യോഗ്യതാ റൗണ്ടില്‍ മനു നേടിയത്. ഇതേയിനത്തില്‍ ഇന്ത്യയുടെ ഇഷാ സിങിന് പതിനെട്ടാം സ്ഥാനത്ത് മാത്രമാണ് എത്താനായത്. ആദ്യ എട്ട് സ്ഥാനക്കാരാണ് ഫൈനലില്‍ കടക്കുക. ടോക്യോയിലെ മെഡല്‍ നഷ്ടം തിരുത്തുന്നതായിരുന്നു ആദ്യ മെഡലെങ്കില്‍ വ്യക്തിഗത ഇനത്തില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ ഒളിംപ്യനെന്ന ചരിത്ര നേട്ടമാണ് മൂന്നാം ഫൈനലില്‍ മനുവിനെ കാത്തിരിക്കുന്നത്. ഉന്നം പിടിച്ച് പൊന്ന് നേടാനാണ് മനുവിന്‍റെയും ശ്രമം. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലെ മെഡല്‍ നേട്ടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം മനുവിനെ അഭിനന്ദിച്ചിരുന്നു. രാജ്യം നല്‍കിയ പിന്തുണയും പ്രോല്‍സാഹനവുമാണ് രണ്ടാം മെഡല്‍ നേടാന്‍ തന്നെ തുണച്ചതെന്നും മനു കുറിച്ചിരുന്നു.
25 മീറ്റര്‍ പിസ്റ്റള്‍ മല്‍സരം ഇങ്ങനെ..
25 മീറ്റര്‍ പിസ്റ്റളില്‍ വനിതകള്‍ക്ക് മാത്രമാണ് ഒളിംപിക്സ് മല്‍സരമുള്ളത്. 1.4 കിലോഗ്രാം ഭാരമുള്ള സ്പോര്‍ട്സ് പിസ്റ്റളാണ് ഉപയോഗിക്കുക. 0.22 കാലിബറിന്‍റെ ബുള്ളറ്റും. ഒറ്റക്കൈ മാത്രം ഉപയോഗിച്ചാവണം ഷൂട്ട് ചെയ്യുന്നത്. റാപിഡ് ഫയര്‍ മാത്രമാണ് ഇന്നത്തെ ഫൈനല്‍ മല്‍സരത്തിലുണ്ടാവുക. വേഗതയും കൃത്യതയും പരീക്ഷിക്കുന്ന 5 ഷോട്ടുകള്‍ വീതമുള്ള 10 സീരിസുകളാണ് മല്‍സരത്തില്‍.
മൂന്നേ മൂന്ന് സെക്കന്റ് മാത്രമാണ് ഓരോ ഷൂട്ടര്‍ക്കും ഷോട്ടിനായി അനുവദിക്കുക. ഓരോ സീരിസിനും മുന്‍പ് പിസ്റ്റളില്‍ ബുള്ളറ്റുകളും നിറയ്ക്കണം. ഷോട്ടുകള്‍ക്കിടയില്‍ 7 സെക്കന്‍റ് ഇടവേള മാത്രമാണ് നല്‍കുക. ആദ്യ നാല് സീരിസുകള്‍ക്ക് പിന്നാലെ എലിമിനേഷന്‍ തുടങ്ങും. പിന്നീട് ഓരോ സീരീസിന് ശേഷവും എലിമിനേഷന്‍ നടക്കും. അങ്ങനെ പത്താം റൗണ്ടിലെത്തുമ്പോള്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ മാത്രമാകും മല്‍സരത്തിലുണ്ടാവുക.