മഹാരാഷ്ട്ര കോലാപുരിലെ കംബല്‍വാഡി ഗ്രാമത്തില്‍ നിന്നുള്ള ഇരുപത്തിയെട്ടുകാരന്‍ പാരിസില്‍ രചിച്ചത് ജീവിതം പൊരുതി നേടിയവന്റെ വിജയഗാഥ. പുണെ റെയില്‍വേ ഡിവിഷനിലെ ടിടിഇ നിന്നും ഫ്രഞ്ച് മണ്ണില്‍ ഇന്ത്യയുടെ അഭിമാന താരമായി മാറിയ സ്വപ്നില്‍ കുസാലെയുടെ ജീവിതം അത്ര കുശാലായിരുന്നില്ല. ഒന്നാമതെത്തുന്നവന്റേതാണ് ലോകമെന്ന നിര്‍വചനമാണ് സ്വപ്നിലിന്റ വിജയത്തോടെ തിരുത്തപ്പെടുത്തത്. കോലാപുരിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച സ്വപ്നിലിന് തോക്കും സ്പോര്‍ട്സും അന്യമായിരുന്നു.
മകനിലെ സ്പോര്‍ട്സ് സ്പിരിറ്റ് തിരിച്ചറിഞ്ഞ അച്ഛനാണ് പതിനാലാം വയസില്‍ സ്വപ്നിലിനെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ക്രീഡ പ്രബോധിനി കായിക സ്കൂളില്‍ ചേര്‍ക്കുന്നത്. താഴെക്കിടയിലെ കുട്ടികള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ഒരു കായികയിനം തിരഞ്ഞെടുക്കാന്‍ മാത്രമായിരുന്നു അവസരം. അങ്ങനെ സ്വപീനില്‍ ആദ്യമായി തോക്കിന്റെ കാഞ്ചിവലിച്ചു തുടങ്ങി. ആറ് വര്‍ഷത്തിനിപ്പുറം ഇന്ത്യന്‍ റെയില്‍വേയില്‍ പുണെയില്‍ ടിക്കറ്റ് കലക്ടറായി ജോലി നേടിയ സ്വപ്നില്‍ വരുമാനം കൂട്ടിവച്ചാണ് സ്വന്തമായി ഒരു റൈഫിള്‍ വാങ്ങിയത്. പിന്നീട് ദുരിതം ഇടംകാലിട്ട ലക്ഷ്യത്തെ തൊഴില്‍ തോളിലേറ്റി.
ജൂനിയര്‍ വിഭാഗത്തില്‍ ഏഷ്യന്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ എയര്‍ റൈഫിള്‍ 3 പൊസിഷനില്‍ സ്വര്‍ണം നേടി. പിന്നാലെ ദേശീയ ഷൂട്ടിങ് ചാംപ്യനുമായി. 2017 ല്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ ചാംപ്യന്‍ഷിപ്പിലും മെഡല്‍ നേട്ടം ആവര്‍ത്തിച്ചു. രണ്ടുവര്‍ഷം മുമ്പ് ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ നാലാമാനായതോടെയാണ് സ്വപ്നിലിന്റെ ഒളിംപിക്സ് സ്വപ്നത്തിന് ചിറകുവച്ചത്. ഒളിംപിക്സ് ട്രയല്‍സില്‍ അഞ്ചാമാതായാണ് ഫിനിഷ് ചെയ്തതെങ്കിലും സ്വപ്നിലിന് പാരിസിലേക്ക് ടിക്കറ്റ് ലഭിച്ചു. പിന്നെയെല്ലാം ചരിത്രം. യോഗ്യതാ റൗണ്ടില്‍ ഏഴാമതായി ഫിനിഷ് ചെയ്ത് ഫൈനലിന് യോഗ്യത നേടിയ സ്വപ്്നില്‍ പിന്നില്‍ നിന്ന് തിരിച്ചടിച്ചുകയറിയാണ് വെങ്കലമെഡല്‍ നേടിയത്. അഭിനവ് ബിന്ദ്രയ്ക്കും ഗഗന്‍ നരംഗിനും ശേഷം റൈഫിളില്‍ ഇന്ത്യയ്ക്കായി ഒളിംപിക്സ് മെഡല്‍ നേടുന്ന മൂന്നാം താരമാണ് സ്വപ്നില്‍ കുസാലെ.