മോശം കാലത്തിന് വിട, പാരിസില്‍ സ്വര്‍ണത്തോടെ തിരിച്ച് വരവ് ആഘോഷമാക്കി സിമോണ്‍ ബൈല്‍സ്. ആര്‍ട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സ് വനിതകളുടെ ഓള്‍റൗണ്ട് ടീം ഇനത്തില്‍ സിമോണ്‍ ബൈല്‍സിന്‍റെ തകര്‍പ്പന്‍ പ്രകടനത്തിന്‍റെ പിന്‍ബലത്തിലാണ് അമേരിക്കന്‍ ടീം സ്വര്‍ണമണിഞ്ഞത്. ഇതോടെ ജിംനാസ്റ്റിക്സില്‍ സിമോണിന്‍റെ ഒളിംപിക്സ് സ്വര്‍ണം അഞ്ചായി. ജിംനാസ്റ്റിക്സില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടുന്ന അമേരിക്കന്‍ താരമായി സിമോണ്‍ ചരിത്രം കുറിച്ചു. ഫൈനലില്‍ വാള്‍ട്ട് വിഭാഗത്തില്‍ അതി സങ്കീര്‍ണമായ 'ചെങ്' സ്കില്‍ പുറത്തെടുത്താണ് സിമോണ്‍ കാണികളെ വിസ്മയിപ്പിച്ചത്.
2016ലെ റിയോ ഒളിംപിക്സിലെ ജിംനാസ്റ്റിക്സില്‍ നാല് സ്വര്‍ണ മെഡലുകള്‍ നേടി ചരിത്രം സൃഷ്ടിച്ച സിമോണ്‍ പിന്നീട് കടുത്ത വിഷാദരോഗത്തിലൂടെയാണ് കടന്ന് പോയത്. അമേരിക്കന്‍ ജിംനാസ്റ്റിക്സ് ടീം ഡോക്ടര്‍ ലാറി നാസറിന്‍റെ ലൈംഗിക അതിക്രമങ്ങളുടെ അതിജീവിതകളില്‍ ഒരാളാണ് സിമോണ്‍. ഇതും സിമോണിന്‍റെ വിഷാദത്തിന് കാരണമായിരുന്നു. ടോക്കിയോയില്‍ ഒളിംപിക്സില്‍ മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ പിന്മാറുന്ന സിമോണിനെയാണ് ലോകം കണ്ടത്. ഈ തീരുമാനം ഒരുപോലെ വിമര്‍ശനവും അഭിനന്ദനവും ക്ഷണിച്ചുവരുത്തി. കായിക താരങ്ങള്‍ നേരിടുന്ന ചൂഷണങ്ങള്‍, മല്‍സരങ്ങള്‍ നല്‍കുന്ന മാനസിക സംഘര്‍ഷങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് സിമോണിന്‍റെ പിന്മാറ്റം വഴിവച്ചു.
കരിയറിലെ ഏറ്റവും പ്രധാന ഘട്ടത്തില്‍, ഒളിംപിക്സ് പോലുള്ള ഒരു വലിയ വേദിയില്‍ താന്‍ കടന്ന് പോകുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് പിന്മാറാന്‍ സിമോണ്‍ കാണിച്ച ധൈര്യം ഏറെ പ്രശംസിക്കപ്പെട്ടു.
ഒടുവില്‍, തന്‍റെ 27ാം വയസ്സില്‍, എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ച് സിമോണ്‍ ജിംനാസ്റ്റിക്സിലേക്ക് തിരിച്ച് വരികയും അസാമാന്യ പ്രകടനത്തോടെ സ്വര്‍ണം നേടി ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച അത്ലീറ്റുകളുടെ നിരയില്‍ സിമോണ്‍ ഇടം പിടിക്കുകയാണ്. മൂന്ന് വ്യക്തിഗത ഇനങ്ങളില്‍ കൂടി സിമോണ്‍ സ്വര്‍ണം ലക്ഷ്യമിട്ട് ഇറങ്ങുന്നുണ്ട്. യോഗ്യത റൗണ്ടിലെ പ്രകടനം കണക്കിലെടുത്താല്‍ എല്ലാ ഇനങ്ങളിലും സിമോണിന് സ്വര്‍ണ സാധ്യതയുണ്ട്.