ഫോട്ടോ: എപി, ഇന്‍സ്റ്റഗ്രാം
അമേരിക്കയുടെ എലിസബത്തിനെ വീഴ്ത്തി ഈജിപ്ത്യന്‍ താരം നദാ ഹഫെസ് പാരിസ് ഒളിംപിക്സ് ഫെന്‍സിങ്ങില്‍ അവസാന 16ലേക്ക്. ജയത്തിന് ശേഷം നദ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ലോകത്തിന്റെ ഹൃദയം തൊടുന്നത്. 15-13ന് അമേരിക്കന്‍ താരത്തെ തോല്‍പ്പിക്കുമ്പോള്‍ നദയുടെ ഉള്ളിലൊരു കുരുന്നിന് ഏഴ് മാസം. ഏഴ് മാസം ഗര്‍ഭിണിയായ ഫെന്‍സിങ് താരത്തിന്റെ പ്രീക്വാര്‍ട്ടറിലേക്കുള്ള ജയമാണ് ഇപ്പോള്‍ പാരിസ് ഒളിംപിക്സില്‍ ലോകത്തിന്റെ ശ്രദ്ധ പിടിക്കുന്നത്.
പോഡിയത്തില്‍ നിങ്ങള്‍ രണ്ട് പേരെയാണോ കണ്ടത്... എന്നാല്‍ യഥാര്‍ഥത്തില്‍ മൂന്ന് പേരുണ്ടായിരുന്നു. ഞാനും എന്റെ എതിരാളിയും പിന്നെ ഈ ലോകത്തിലേക്ക് വരാനിരിക്കുന്ന എന്റെ കുഞ്ഞും, ഇന്‍സ്റ്റഗ്രാമില്‍ നദ കുറിച്ചു. പ്രീക്വാര്‍ട്ടറിലെത്തിയ സന്തോഷം നിറഞ്ഞ് നില്‍ക്കുമ്പോഴാണ് ഞാന്‍ ഇത് എഴുതുന്നത്. ഈ ഒളിംപിക്സ് എന്നെ സംബന്ധിച്ച് വേറിട്ടതാണ്. മൂന്ന് ഒളിംപിക്സുകളില്‍ ഭാഗമായിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഒരു കുഞ്ഞ് ഒളിംപ്യനും എന്റെ ഉള്ളിലുണ്ട്..നദ പറയുന്നു.
എനിക്കും കുഞ്ഞിനും വെല്ലുവിളികള്‍ ഏറെയായിരുന്നു, ശാരീരികമായും മാനസികമായും. ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍ അതിനൊപ്പം ജീവിതയും സ്പോര്‍ട്സും ബാലന്‍സ് ചെയ്ത് കൊണ്ടുപോവുക എന്നത് പ്രയാസകരമായിരുന്നു. എന്നാല്‍ അത് വെറുതെയായില്ല, നദ ഇന്‍സ്റ്റയില്‍ കുറിച്ചു.
ഈജിപ്ത്യന്‍ സ്ത്രീയുടെ കരുത്താണ് തന്നിലൂടെ വ്യക്തമാകുന്നത് എന്നും നദ പറയുന്നു. ഫെന്‍സിങ് ലോക റാങ്കിങ്ങില്‍ പത്താമതുള്ള അമേരിക്കയുടെ എലിസബനത്തിനെയാണ് നദ തോല്‍പ്പിച്ചത്. ജയത്തിന് പിന്നാലെയുള്ള നദയുടെ വെളിപ്പെടുത്തലിന് വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. ശാരീരികമായും മാനസികമായും ഏറെ വെല്ലുവിളി നേരിടുന്ന സമയം ഇതുപോലൊരു ജയം നേടുക എന്നത് അതിശയിപ്പിക്കുന്നതാണെന്ന കമന്റുകളാണ് ഉയരുന്നത്.