manubakar

മൂന്നുവര്‍ഷം മുമ്പ് കരിയറിലെ ആദ്യ ഒളിംപിക്സ് മനു ഭാക്കറിന് നിരാശമാത്രമാണ് സമ്മാനിച്ചതെങ്കില്‍ പാരിസില്‍ ഇന്ത്യയുടെ ആദ്യമെഡലിന് തൊട്ടരികെയാണ് 22 കാരി. ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് വനിതാ വിഭാഗം പത്ത് മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഫൈനലില്‍.  

രണ്ടുപതിറ്റാണ്ടിനിടെ ഷൂട്ടിങ് വ്യക്തിഗത ഇനത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമാണ് മനു ഭാക്കര്‍. യോഗ്യതാ റൗണ്ടില്‍ നേടിയ മൂന്നാം സ്ഥാനം മാത്രമല്ല മനുവില്‍ നിന്ന് ഒരു മെഡല്‍ പ്രതീക്ഷിക്കുന്നതിന് കാരണം. ലോകകപ്പില്‍ ഒന്‍പത് സ്വര്‍ണം. യൂത്ത് ഒളിംപികിസില്‍ ഒരു സ്വര്‍ണം, ജൂനിയര്‍ ലോക ചാംപ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണം ഉള്‍പ്പടെ കരിയറില്‍ ഇതുവരെ നേടിയത് 19 മെഡലുകള്‍.....ഒരു മണിക്കൂര്‍ 15 മിനിറ്റ് നീണ്ട യോഗ്യതാ റൗണ്ടില്‍ പുറത്തെടുത്ത അതേ സമചിത്ത ഫൈനലിലും കണ്ടാല്‍ പാരിസില്‍ നിന്ന് ആദ്യ മെഡലണിയുമെന്ന് പ്രതീക്ഷിക്കാം. ഹംഗറിയുടെ വെറോണിക്ക മേജര്‍ ചൈനയുടെ  ഷീ ലീ, ഷീ ജിയാങ്ങ് തുടങ്ങിവയര്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതായിരിക്കില്ല.  2021 ടോക്കിയോ ഒളിംപിക്സില്‍ പിസ്റ്റലിലെ തകരാര്‍ കാരണം മനുവിന് യോഗ്യതാ റൗണ്ട് കടക്കാനായില്ല. അന്ന് കണ്ണീരോടെ  ഷൂട്ടിങ് റേഞ്ച് വിട്ട 19കാരിയുടെ മുഖം മറക്കാന്‍ ഇന്നൊരു മെഡല്‍ പുഞ്ചിരി അനിവാര്യമാണ്.

2024 Olympics Manu Bhaker qualifies for 10m air pistol finals: