പാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയും. 206 രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തിഅഞ്ഞൂറോളം കായികതാരങ്ങള്‍ മികവിനായി മാറ്റുരയ്ക്കുന്ന ദിനങ്ങളാണിനി. ഇന്ത്യന്‍ സമയം രാത്രി പതിനൊന്ന് മുപ്പതിനാണ് ദീപശിഖ തെളിയിക്കുന്നത്.
മൂന്ന് നൂറ്റാണ്ട് മുന്‍പ് തന്നെ സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും ആഘോഷിക്കപ്പെട്ട നാട്ടില്‍ ഒരു നൂറ്റാണ്ടിന് ശേഷം മഹാമേള വിരുന്നെത്തുന്നു. ഭൂപ്രകൃതിയും സാംസ്കാരികധാരയും കൊണ്ട് വൈവിധ്യംനിറഞ്ഞ ഫ്രാന്‍സിലേക്ക് ലോകത്തിന്‍റെ വൈവിധ്യങ്ങളെല്ലാം ഒഴുകിയെത്തുന്നു. സ്റ്റേഡിയങ്ങളുടെ അതിര്‍ത്തികളില്‍ അരങ്ങേറിയിരുന്ന ഉദ്ഘാടനചടങ്ങിനെ പാരിസിന്‍റെ ഹൃദയധമനിയെന്ന പോലെ ഒഴുകുന്ന സെന്‍ നദിയിലേക്ക് ആവഹിക്കുന്ന കാഴ്ചയ്ക്ക് ഇന്ന് ലോകം സാക്ഷിയാകാം.
സെന്‍ നദിയുടെ ആറ് കിലോമീറ്ററിലൂടെ താരങ്ങള്‍ മാര്‍ച്ച് പാസ്റ്റെന്നപോലെ ബോട്ടുകളില്‍ ഒഴുകിയെത്തും. ത്രിവര്‍ണപതാകയും നെഞ്ചിലേറ്റി 117പേരും അക്കൂട്ടത്തിലുണ്ടാകും. ലോകത്തിന്‍റെ പുതുമകളെല്ലാം ആദ്യം സ്വീകരിക്കുന്ന നാട്ടില്‍ ഒളിംപിക്സിന്‍റെ തിരിതെളിയലും വ്യത്യസ്ത കാഴ്ചയാകും. ആരവങ്ങള്‍ക്ക് ആവേശമാകാന്‍ ഇതിഹാസങ്ങളണിനിരക്കുമെന്നുറപ്പാണ്. പക്ഷേ,അവരാരെന്ന വിവരം പോലും തിരശീലയ്ക്കുള്ളിലാണ്.
ലോകത്തിന്‍റെ പരിച്ഛേദം അണിനിരക്കുമ്പോള്‍ അനിഹിതമായതൊന്നുമുണ്ടാകാതിരിക്കാന്‍ പാരിസ് കനത്ത സുരക്ഷയിലായിരിക്കും. അങ്ങനെ, വര്‍ഷങ്ങളുടെ നീണ്ട പരിശ്രമങ്ങളുടെ വിയര്‍പ്പുഫലത്തിനായി ഈ മണ്ണ് ഒരുങ്ങിയിരിക്കുന്നു. ഇനി പിറക്കുന്നത് അഭിമാനത്തിന്‍റെ നിമിഷങ്ങളാണ്. ആകാശങ്ങളിലേക്കുയര്‍ക്കപ്പെടുന്ന ആരവങ്ങളുടെ നിമിഷങ്ങള്‍. എല്ലാ കാഴ്ചകളും വിശേഷങ്ങളും കാണാം ഇടമുറിയാതെ മനോരമ ന്യൂസില്‍.