File Photo

File Photo

അടിക്കടി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട അഭ്യൂഹങ്ങള്‍ സ്ഥിരീകരിച്ച് ഹാര്‍ദികും നതാഷയും. ഈ ബന്ധം നിലനിര്‍ത്താന്‍ തങ്ങള്‍ എല്ലാം നല്‍കിയെന്നും പരമാവധി ശ്രമിച്ചുവെന്നും എന്നാല്‍ സന്തോഷകരമായി മുന്നോട്ട് ജീവിക്കുന്നതിനായി കഠിനമെങ്കിലും ഈ തീരുമാനം കൈക്കൊള്ളുകയാണെന്നും ഹാര്‍ദികും നതാഷയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

വേര്‍പിരിയല്‍ വാര്‍ത്തകള്‍ ശരിവച്ച് ഹാര്‍ദിക് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിങ്ങനെ..'നാലുവര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനൊടുവില്‍ നതാഷയും ഞാനും പിരിയുകയാണ്. ഈ ബന്ധം മികച്ച രീതിയില്‍ കൊണ്ടു പോകുന്നതിനായി ഞങ്ങളിരുവരും കഴിയുന്നത്ര പരിശ്രമിച്ചു.ഇരുവര്‍ക്കും ഇപ്പോള്‍ സ്വീകരിക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണ് വേര്‍പിരിയലെന്നും കരുതുന്നു. സന്തോഷവും പരസ്പര ബഹുമാനവും ഒന്നിച്ചുള്ള ജീവിതവുമായി കുടുംബമായി കഴിഞ്ഞിരുന്ന ഞങ്ങള്‍ക്ക് മുന്നിലെ കഠിനമായ തീരുമാനമായിരുന്നു ഇത്'.

'ഞങ്ങളുടെ അഗസ്ത്യ ഞങ്ങളിരുവരുടെയും ജീവിതത്തിന്‍റെ കേന്ദ്രമായി തുടരും. അവന്‍റെ സന്തോഷത്തിനായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ജീവിതത്തിലെ ഈ ദുര്‍ഘടവും അങ്ങേയറ്റം വൈകാരികവുമായ ഈ സമയത്ത് സ്വകാര്യത മാനിക്കണമെന്നും മനസിലാക്കി പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു'വെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. 

സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് ബോളിവുഡ് താരവും നര്‍ത്തകിയുമായ നതാഷ ഹാര്‍ദികിന്‍റെ പേര് നീക്കിയതോടെയാണ് ഇരുവരും പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യയെ അഭിനന്ദിക്കുന്നതിനോ, അതില്‍ തന്നെ ഹാര്‍ദികിനെ അഭിനന്ദിക്കുന്നതിനോ നതാഷ തയ്യാറാവാതെ ഇരുന്നതോടെ ഹാര്‍ദിക് ആരാധകര്‍ താരത്തിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ചോദ്യമെറിഞ്ഞിരുന്നു. ഹാര്‍ദിക് ആരാധകരുടെ ചോദ്യങ്ങളെ നിരന്തരം അവഗണിച്ച നതാഷ 'ജീവിതത്തിലെ വിഷമഘട്ടത്തിലൂടെ കടന്നു പോകുന്നുവെന്നും, കാര്യം മനസിലാക്കാതെ വിധിക്കാന്‍ ആളുകള്‍ക്കെന്ത് തിടുക്കമാണെന്നും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. പതിവായി മകനൊപ്പം മാത്രമുള്ള പോസ്റ്റുകളും ആത്മീയ ചിന്തകളുമാണ് അടുത്തയിടെയായി നതാഷ പങ്കിട്ടിരുന്നത്. 

ഹാര്‍ദികാവട്ടെ സ്വകാര്യ ജീവിതം മാധ്യമങ്ങളില്‍ വിചാരണ ചെയ്യപ്പെട്ടിട്ടും മൗനം പാലിക്കുകയാണുണ്ടായത്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ പ്രാചി സോളങ്കിയെ ചേര്‍ത്ത് പിടിച്ചുള്ള ഹാര്‍ദികിന്‍റെ ചിത്രം പുറത്തുവന്നത് മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. ഹാര്‍ദികിന്‍റെ കുടുംബമൊരുക്കിയ വിരുന്നില്‍ നിന്ന് നതാഷ വിട്ടു നില്‍ക്കുകയും പ്രാചി പങ്കെടുക്കുകയും ചെയ്തതോടെയാണ് വിവാഹ മോചന വാര്‍ത്തകള്‍ വീണ്ടും ബലപ്പെട്ടത്. പ്രണയത്തിനൊടുവില്‍ 2020 മേയ് 31നാണ് ഹാര്‍ദികും നതാഷയും വിവാഹിതരായത്. 

ENGLISH SUMMARY:

Hardik Pandya and Natasa Stankovic announce divorce after 4 years of marriage.