ടീം ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഹാര്‍ദികിന്‍റെ കുടുംബം ഒരുക്കിയ വിരുന്നില്‍ നിന്ന് വിട്ട് നിന്ന് പങ്കാളി നതാഷ. ഹാര്‍ദികുമായി പിരിഞ്ഞെന്ന വാര്‍ത്തകള്‍ യാഥാര്‍ഥ്യമോയെന്ന് സമൂഹമാധ്യമങ്ങളില്‍ ചോദ്യമുയരുന്നതിനിടെ ഇന്‍സ്റ്റഗ്രാമില്‍ അവര്‍ പുതിയ വിഡിയോ പങ്കുവച്ചു.
വെറുതേ ചില ചിന്തകളെന്ന കുറിപ്പോട് കൂടിയാണ് വിഡിയോ . 'ആളുകള്‍ക്ക് ഒന്ന് വിശദീകരിക്കാന്‍ പോലും സമയം നല്‍കാതെ എത്രവേഗത്തിലാണ് നമ്മള്‍ വിധിയെഴുതുന്നതെന്ന് നതാഷ കുറിക്കുന്നു. 'എത്ര വേഗത്തിലാണ് നമ്മള്‍ ആളുകളെ വിധിക്കുന്നത്. അസ്വാഭാവികമായി ആളുകള്‍ പെരുമാറിയാല്‍ നമ്മള്‍ അത് നിരീക്ഷിക്കുകയോ, എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കുകയോ, അല്‍പം അനുകമ്പ കാണിക്കുകയോ ചെയ്യാറില്ല. വിധിയെഴുതാനെന്ത് തിടുക്കമാണെന്നോ' എന്ന് അവര്‍ പറയുന്നു. കാര്യമറിയാതെ ആളുകളെ വിധിക്കുന്നത് കുറയ്ക്കാം. കൂടുതല്‍ നിരീക്ഷിക്കാം. കുറച്ചൊക്കെ അനുകമ്പയാവാം. ക്ഷമാപൂര്‍വം കാത്തിരിക്കാം'.
ഹാര്‍ദികുമായുള്ള ബന്ധം ഉലഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ അവര്‍ പതിവായി ഇന്‍സ്റ്റഗ്രാമില്‍ ആത്മീയത നിറഞ്ഞതും പ്രചോദനപരവുമായ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്. പോസ്റ്റുകള്‍ക്ക് ചുവടെ ഹാര്‍ദികിന്‍റെ ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളെ ഗൗനിക്കുന്നതുമില്ല. ലോകകപ്പ് നേട്ടത്തില്‍ ഹാര്‍ദികിനെ അഭിനന്ദിക്കുന്നില്ലേയെന്ന ആരാധകരുടെ ചോദ്യങ്ങളോടും അവര്‍ പ്രതികരിച്ചിരുന്നില്ല.
2020 മേയ് 31നാണ് ഇരുവരും വിവാഹിതരായത്. ഇരുവരുമൊന്നിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടതായതിന് പിന്നാലെ ഹാര്‍ദികിന്‍റെ പേരും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നതാഷ നീക്കിയിരുന്നു.
ടെലിവിഷന്‍ പരിപാടികളിലൂടെയാണ് നതാഷ ബോളിവുഡിലേക്കെത്തിയത്. പ്രകാശ് ഝായുടെ ദിഷ്കിയാവൂന്‍, പിന്നാലെ ആക്ഷന്‍ ജാക്സണ്‍, 7 അവേര്‍സ് ടു ഗോ, സീറോ എന്നീ ചിത്രങ്ങളിലും നതാഷ വേഷമിട്ടു. ബിഗ്ബോസ് സീസണ്‍ 8, നാച്ച് ബലിയേ 9ഉം ആണ് നതാഷയുടെ ജനപ്രീതിയേറ്റിയത്.