ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റ്സ്മാന്‍, പന്തെടുത്താല്‍ ബാറ്റ്സമാനെ വട്ടം കറക്കുന്ന ബൗളര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണായക പ്രകടനമായിരുന്നു കരീബിയന്‍ താരം സുനില്‍ നരെയ്നിന്‍റേത്. ആഘോഷിക്കാന്‍ ഓരോ മല്‍സരങ്ങളിലും കാരണങ്ങളേറെ, എന്നിട്ടും എല്ലാ മല്‍സരങ്ങളിലും ഒരേ ഭാവത്തിലാണ്  സുനില്‍ നരെയ്നെ കാണുന്നത്. ഏത് സന്ദര്‍ഭത്തിലും ശാന്തമായും സംയോജിതമായും പെരുമാറുന്നതിന് കാരണം അച്ഛന്‍റെ പക്കല്‍ നിന്നും ലഭിച്ച വാക്കുകളാണെന്ന് നരെയ്ന്‍ വ്യക്തമാക്കി. 

 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ 'നൈറ്റ് ഡഗ്ഔട്ട്' പോഡ്കാസ്റ്റിലായിരുന്നു നരെയ്ന്‍റെ പ്രതികരണം. ഒരു കളിയും നിസാരമായി കാണരുതെന്നും നിമിഷങ്ങളെ ആഘോഷിക്കരുതെന്നുമായിരുന്നു അച്ഛന്‍റെ ഉപദേശമെന്ന് സുനില്‍ നരെയ്ന്‍ പറഞ്ഞു. ' ഇന്ന് ആരെയെങ്കിലും പുറത്താക്കിയാല്‍ നാളെയോ അടുത്ത ദിവസമോ അവരുമായി വീണ്ടും കളിക്കേണ്ടി വന്നേക്കാം. അതുകൊണ്ട് ആ നിമിഷം ആസ്വദിക്കുക, അമിതമാക്കരുത്', ഇതായിരുന്നു അച്ഛന്‍റെ വാക്കുകളെന്ന് നരെയ്ന്‍ പറഞ്ഞു. 

 

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സോഷ്യല്‍ മീഡിയ ടീം നരെയ്നെ വച്ച് ആവേശത്തിലെ വൈറല്‍ വിഡിയോ റീല്‍ ചെയ്തിരുന്നു. ഈ വിഡിയോയില്‍ അവസാന ഭാഗത്ത് കൊല്‍ക്കത്ത പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തും എന്ന് പറയുന്ന ഭാഗത്ത് നരെയ്ന്‍ ചെറിയൊരു ചിരി നല്‍ക്കുന്നുണ്ട്. 

 

2024 സീസണില്‍ നരെയ്ന്‍ 12 മല്‍സരങ്ങളില്‍ നിന്ന് 461 റണ്‍സാണ് നരെയ്ന്‍ നേടിയത്. രാജസ്ഥാനെതിരെയുള്ള സെഞ്ചറി അടക്കമാണിത്. 183 ആണ് താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ഏഴാം സ്ഥാനത്താണ് നരെയ്ന്‍. ബൗളിങില്‍ നോക്കിയാല്‍ 12 മല്‍സരങ്ങളില്‍ നിന്ന് 15 വിക്കറ്റുമായി ആദ്യ പത്തിലും നരെയ്നുണ്ട്. 

 

Why Sunil Narine Doesn't Smile Much; He Revels Reason