HD-2024_Sachin

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ഇന്ന് 51ാം പിറന്നാള്‍. ലോകറെക്കോഡുകളുടെ തമ്പുരാനായ സച്ചിന്‍ ക്രിക്കറ്റ് പിച്ചിനോട് സലാം പറഞ്ഞിട്ട് പതിനൊന്ന് വര്‍ഷം. ധോണിയും കോലിയുമെല്ലാം ആരാധക ഹൃദയത്തില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും പക്ഷെ  സച്ചിനേ കഴിഞ്ഞേയുള്ളു ക്രിക്കറ്റ് പ്രേമികള്‍ക്ക് അവരെല്ലാം. സച്ചിനെന്നാല്‍ ഒരു വികാരമാണ് ക്രിക്കറ്റിനെ സ്നേഹിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ..

Sachin-09

 സച്ചിന് ഇന്ന് ആശംസാപ്രവാഹങ്ങളുടെ ദിനമാണ്. പക്ഷെ ആരാധകരുടെ മനസില്‍ എന്നുമുണ്ട് സച്ചിന്‍. സച്ചിനെ ഓര്‍ക്കാന്‍ ഇന്നൊരു ദിവസം മാത്രമായി അവര്‍ക്ക്  ആവശ്യമില്ല . 2011 ല്‍ ഇന്ത്യ വീണ്ടും ലോകകപ്പ് നേടിയപ്പോള്‍ സഹകളിക്കാരല്ല അദേഹത്തെ എടുത്തുപൊക്കി അമ്മാനമാടിയത് നമ്മളെല്ലാവരുമാണ്.

Sachin-11

2013 ല്‍ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നം  കിട്ടിയപ്പോഴും നമ്മള്‍ അഭിമാനിച്ചു. 

Sachin-07

24 വർഷം നീണ്ട രാജ്യാന്തര കരിയറില്‍ ഏറ്റവും ഉയർന്ന റണ്‍മല കെട്ടിപ്പടുത്തും സെഞ്ചുറികളില്‍ സെഞ്ചുറി തികച്ചും മറ്റൊരു താരത്തിനും ഇനിയൊരിക്കലും ഒരുപക്ഷേ നേടാനാവാത്തയത്രയും റെക്കോർഡുകളും സൃഷ്ടിച്ചാണ് സച്ചിന്‍ വഴിമാറിക്കൊടുത്തത്.

Sachin-01

മഹാരാഷ്ട്രയിലെ മുംബൈയില്‍ 1973 ഏപ്രില്‍ 24നായിരുന്നു സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കറുടെ ജനനം. മുംബൈയിലെ ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു  പ്രാഥമിക വിദ്യാഭ്യാസം. അവിടെ നിന്നാണ്‌ ക്രിക്കറ്റിന്‍റെ ബാലപാഠങ്ങൾ രമാകാന്ത് അചരേക്കറിൽ നിന്ന് പഠിച്ചെടുത്തത്.

Sachin-08

1989 നവംബർ 15ന് കറാച്ചിയില്‍ പാകിസ്ഥാന് എതിരെയായിരുന്നു സച്ചിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. അരങ്ങേറ്റത്തില്‍  പക്ഷെ 15 റണ്‍സുമായി  മടങ്ങേണ്ടിവന്നു. ഇതേ വർഷം തന്നെ ഡിസംബർ 18ന് ഏകദിനത്തിലും സച്ചിന്‍ കളിച്ചു. ഏകദിന അരങ്ങേറ്റത്തില്‍ പൂജ്യത്തില്‍ പുറത്ത്. രാജ്യാന്തര ടി20 അരങ്ങേറ്റം 2006 ഡിസംബർ ഒന്നിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ.

Sachin-03

രാജ്യാന്തര ക്രിക്കറ്റില്‍ 664 മത്സരങ്ങളില്‍ നിന്ന് 100 സെഞ്ചുറികളോടെ 34,357 റണ്‍സും എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകളുമാണ് സച്ചിന്‍റെ ക്രിക്കറ്റ് സമ്പാദ്യം. 

Sachin-02

2012 മാര്‍ച്ചിൽ ബംഗ്ലാദേശിനെതിരെയായിരുന്നു സച്ചിന്‍റെ നൂറാം സെഞ്ചുറി. ടെസ്റ്റിൽ 51 ഉം ഏകദിനത്തിൽ 49 ഉം ഉൾപ്പടെയാണ് സച്ചിന്‍ സെഞ്ചുറികളില്‍ 100 പൂർത്തിയാക്കിയത്. 200 ടെസ്റ്റും 463 ഏകദിനങ്ങളും ഒരു രാജ്യാന്തര ടി20യും കളിച്ചു സച്ചിന്‍. 

Sachin-06

റെക്കോർഡുകള്‍ ഒന്നൊന്നായി  നേടുമ്പോഴും സച്ചിന് പിടികൊടുക്കാതെ നിന്നത്  ലോകകപ്പ് കിരീടമായിരുന്നു. എന്നാല്‍ 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായി സച്ചിന്‍ അതും സ്വന്തമാക്കി.അന്ന് സച്ചിനൊപ്പം നമ്മളും ആനന്ദക്കണ്ണീര്‍ പൊഴിച്ചു. അത്രമേല്‍ ആ ലോകകപ്പ് നേടുകയെന്നത് നമ്മുടെ ഓരോരുത്തരുടേയും ആവശ്യമായിക്കഴിഞ്‍ഞിരുന്നു. 2012 ഡിസംബർ 23ന് ഏകദിന ഫോർമാറ്റില്‍ നിന്ന് വിരമിച്ചതായി സച്ചിൻ അറിയിച്ചു. 2013 നവംബർ 17ന് ടെസ്റ്റും മതിയാക്കി  24 വർഷം നീണ്ട ക്രിക്കറ്റ് കരിയറിന് ഫുള്‍സ്റ്റോപ്പ്. 

Sachin-10

രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയും പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരവും അർജുന അവാർഡും പത്മശ്രീയും പത്മവിഭൂഷനും വിസ്ഡന്‍ ക്രിക്കറ്റർ ഓഫ് ദ് ഇയറും ലോറസ് പുരസ്കാരവും അടക്കം അനവധി നേട്ടങ്ങള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് സ്വന്തം.

Sachin-07

അതിലേറെ ഉയരത്തില്‍ ആരാധകരുടെ ഉള്ളില്‍ ഇന്നും സച്ചിനുണ്ട്. ക്രിക്കറ്റ് പ്രേമികള്‍ അല്ലാത്തവര്‍പോലും സച്ചിനെ അത്രമേല്‍ ഇഷ്ടപ്പെടുന്നു. ഹൃദയത്തിലേറ്റുന്നു. ഒരേയൊരു സച്ചിന്‍ ഒരേ വികാരം.. സച്ചിന് പകരം സച്ചിന്‍ മാത്രം.

Sachin-04