പഞ്ചാബിനെ ഒന്‍പത് റണ്‍സിന് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തിയെങ്കിലും മനംകവര്‍ന്നത് അശുതോഷ് ശര്‍മയാണ്. ഏഴ് സിക്സറുകളും രണ്ട് ഫോറും ഉള്‍പ്പടെ 28 പന്തില്‍ നിന്ന് 61 റണ്‍സിന്‍റെ വെടിക്കെട്ട് ബാറ്റിങാണ് അശുതോഷ് പുറത്തെടുത്തത്. തുടക്കത്തില്‍ വിക്കറ്റ് വീഴ്ചയുണ്ടായെങ്കിലും 193 റണ്‍സെന്ന ലക്ഷ്യം താണ്ടുക അസാധ്യമല്ലെന്ന് പഞ്ചാബ് ആരാധകരെ ആ 25കാരന്‍ തോന്നിപ്പിച്ചു. മുംബൈയെ വിറപ്പിച്ചായിരുന്നു അശുതോഷിന്‍റെ മടക്കം. അശുതോഷല്ല, 'സ്മാഷുതോഷ്' എന്നായിരുന്നു പഞ്ചാബ് ടീം താരത്തിന്‍റെ കളിയെ വിശേഷിപ്പിച്ചത് 

 

മുംബൈ ബോളര്‍മാരെ ഗ്രൗണ്ടിന്‍റെ എല്ലാഭാഗത്തേക്കും പറത്തിയായിരുന്നു അശുതോഷ് ഐപിഎല്ലിലെ കന്നി അര്‍ധ സെഞ്ചറി നേടിയത്. ആരെയും കൂസാതെയുള്ള വമ്പനടികളാണ് അശുതോഷിനെ പ്രിയങ്കരനാക്കുന്നത്. വീണുകിട്ടിയ ഫ്രീ ഹിറ്റില്‍ ബുമ്രയെ ഞെട്ടിച്ചൊരു സിക്സര്‍. യോര്‍ക്കറിന് ഒരു കാല്‍മുട്ട് മടക്കി ഫുള്‍ടോസ്, ബാക്ക്​വാര്‍ഡ് സ്ക്വയര്‍ ലെഗിലൂടെ പന്ത് പറന്നു. ഗാലറി ഇളകി മറിഞ്ഞു. 

 

ബുമ്രയ്ക്കെതിരെ സ്വീപ് ഷോട്ട് കളിക്കമെന്നത് തന്‍റെ സ്വപ്നമായിരുന്നുവെന്നും നിരന്തര പരിശീലനം അതിന് പിന്നിലുണ്ടായിരുന്നുവെന്നും അശുതോഷ് വ്യക്തമാക്കി. കളിക്കുമ്പോള്‍ ജയം മാത്രമാണ് ലക്ഷ്യമെന്നും മറ്റൊന്നും തന്നെ അലട്ടാറില്ലെന്നും താരം പറയുന്നു. അശുതോഷിന്‍റെ ആ തൂക്കിയടി അവിശ്വസനീയമെന്നായിരുന്നു ഹര്‍ദികിന്‍റെ പ്രതികരണം. പേസര്‍മാര്‍ക്കെതിരെ ചങ്കുറപ്പോടെ അശുതോഷ് കളിക്കുന്നത് കാണുന്നത് തന്നെ മനോഹരമാണെന്ന് സാം കറന്‍ പ്രശംസിച്ചു.