വ്യക്തിയെന്ന നിലയിലോ ക്രിക്കറ്റ് താരമെന്ന നിലയിലോ തന്നോട് തീര്‍ത്തും മമതയില്ലാത്ത ആളാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈനെന്ന് ആര്‍സിബി സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്. കഴിഞ്ഞ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ താനുണ്ടായത് പോലും ഹുസൈന് ഇഷ്ടപ്പെട്ടിട്ടില്ലെന്നും സ്കൈ സ്പോര്‍ട്സിന്‍റെ പോഡ്കാസ്റ്റില്‍ താരം തുറന്നു പറഞ്ഞു. കാര്‍ത്തിക് പറയുന്നത് കേട്ട് ഹുസൈന്‍ പൊട്ടിച്ചിരിക്കുകയാണുണ്ടായത്. 

 

പഞ്ചാബിനെതിരായ മല്‍സരത്തില്‍ പത്ത് ബോളില്‍ നിന്ന് 28 റണ്‍സ് നേടിയ കാര്‍ത്തികിന്‍റെ പ്രകടനമാണ് ആര്‍സിബിയെ വിജയതീരത്ത് എത്തിച്ചത്. മൂന്ന് ഫോറും രണ്ട് സിക്സുമായിരുന്നു നിര്‍ണായക സമയത്ത് കാര്‍ത്തികിന്‍റെ സംഭാവന. ഇത് വിലമതിക്കാനാവാത്തതാണെന്നും അസാധ്യ പ്രകടനമാണെന്നും നാസര്‍ പ്രശംസിച്ചു. ദിനേഷ് കാര്‍ത്തികിനെ 20ട്വന്‍റി ടീമിലെടുക്കാന‍് താന്‍ മടിക്കില്ലെന്നായിരുന്നു നാസറിന്‍റെ അഭിനന്ദനം. പിന്നാലെയാണ് കാര്‍ത്തിക്  നാസര്‍ ഹുസൈനെ കളിയാക്കിയത്.  

 

'നാസ് നിങ്ങള്‍ പറയുന്ന ഒരക്ഷരം ഞാന്‍ വിശ്വസിക്കില്ല. നിങ്ങള്‍ക്കറിയണോ, ഒരു വ്യക്തിയെന്ന നിലയിലോ, കളിക്കാരനെന്ന നിലയിലോ, വിക്കറ്റ് കീപ്പറെന്ന നിലയിലോ അല്ല ഏതെങ്കിലുമൊരു രീതിയില്‍ പോലും നാസിനെന്നെ ഇഷ്ടമേ ആയിരുന്നില്ല. ഇതാദ്യമായാണ് നാസ് എന്നെ കുറിച്ച് ഒരു നല്ല കാര്യം പറയുന്നത്. എന്നാലും ഇന്ത്യന്‍ ടീമിനെ സെലക്ട് ചെയ്യാന്‍ നാസിനെ ഇപ്പോള്‍ ഒന്ന് ഏല്‍പ്പിച്ച് നോക്കൂ, ആറ് കീപ്പര്‍മാരെ ഉള്‍പ്പെടുത്താന്‍ അവസരം നല്‍കിയാലും നാസ് നല്‍കുന്ന ടീമില്‍ അതിലും എന്നെ തഴയുമെന്നായിരുന്നു സംസാരത്തിനിടയിലെ പരാമര്‍ശം. കഴിഞ്ഞ വര്‍ഷം ഒപ്പമുണ്ടായിരുന്ന അഭിമുഖത്തിനിടയില്‍ പിന്നില്‍ നിന്ന് തന്നെ കുത്താനും നാസ് മറന്നില്ലെന്നും 'റിഷഭ് പന്തെവിടെ? എന്നായിരുന്നു കളിയാക്കിയുള്ള ചോദ്യമെന്നും തമാശയായി താരം കൂട്ടിച്ചേര്‍ത്തു.