ഐപിഎല്‍ കിരീടത്തിലേക്ക് തങ്ങളെ നയിച്ച ക്യാപ്റ്റനാണെങ്കിലും തട്ടകം മാറിയ ഹര്‍ദിക് പാണ്ഡ്യയോട് ദയ കാണിക്കാന്‍ അഹമ്മദാബാദിലെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ആരാധകര്‍ തയ്യാറായിരുന്നില്ല. കൂവലോടെയാണ് അവര്‍ ഹര്‍ദിക് പാണ്ഡ്യയെ സ്വീകരിച്ചത്. ഇതിനിടയില്‍ ഒരു നായ ഗ്രൗണ്ട് കീഴടക്കിയ സമയം കാണികളില്‍ നിന്ന് വന്ന പെരുമാറ്റവും ഇപ്പോള്‍ ചര്‍ച്ചയാവുന്നു.
ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ഹര്‍ദിക് പാണ്ഡ്യ തന്റെ മൂന്നാമത്തെ ഓവര്‍ എറിയുമ്പോഴാണ് നായ ഗ്രൗണ്ടിലെത്തിയതും മല്‍സരം തടസപ്പെട്ടതും. നായ ഗ്രൗണ്ടിലെത്തിയ സമയം ഹര്‍ദിക്, ഹര്‍ദിക് എന്ന വിളികളാണ് കാണികളില്‍ നിന്ന് ഉയര്‍ന്നത്. ഇത് ഹര്‍ദിക്കിനെ ഉന്നം വെച്ചാണ് എന്ന അഭിപ്രായമാണ് ശക്തം. നായയെ തന്റെ അരികിലേക്ക് കൊണ്ടുവരാന്‍ ഹര്‍ദിക് ശ്രമിച്ചെങ്കിലും നായ ഹര്‍ദിക്കിനെ അവഗണിച്ച് ഓടി. നായക്ക് പോലും ഹര്‍ദിക്കിനെ വിലയില്ല എന്നെല്ലാം പറഞ്ഞാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ട്രോളുകളുമായി എത്തുന്നത്.
രണ്ട് സീസണുകളിലാണ് ഹര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചത്. ഐപിഎല്ലിലെ തങ്ങളുടെ ആദ്യ സീസണില്‍ തന്നെ ഗുജറാത്തിനെ ചാംപ്യന്മാരാക്കാന്‍ ഹര്‍ദിക്കിനായി. 2023 സീസണില്‍ ഗുജറാത്ത് ഫൈനലില്‍ കടന്നെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സിന് മുന്‍പില്‍ വീണു. ഐപിഎല്‍ പതിനേഴാം സീസണിന് മുന്‍പായാണ് ഹര്‍ദിക്കിനെ ഗുജറാത്തില്‍ നിന്ന് മുംബൈ സ്വന്തമാക്കിയത്. ഹര്‍ദിക്കിനെ തിരികെ എത്തിച്ച് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയ മുംബൈ ഇന്ത്യന്‍സിന്റെ നീക്കം മുംബൈ ആരാധകരേയും പ്രകോപിപ്പിച്ചിരുന്നു.
ഗുജറാത്തിന്റെ ഡെത്ത് ഓവര്‍ ബൗളിങ് ആണ് അഹമ്മദാബാദില്‍ വന്ന് ജയിച്ച് പോകാനുള്ള ഹര്‍ദിക്കിന്റെ സ്വപ്നങ്ങള്‍ക്ക് തടയിട്ടത്. 12ാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന നിലയിലായിരുന്ന മുംബൈക്ക് അവസാന ആറ് ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 48 റണ്‍സ്. 15 മുതല്‍ 20 വരെയുള്ള ഓവറുകളില്‍ ഗുജറാത്ത് 10 റണ്‍സിന് മുകളില്‍ വഴങ്ങിയത് ഒരോവറില്‍ മാത്രം.
Dog enters ground, fans chants hardik's name