വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് റണ്‍സിന് തകര്‍ത്ത് ബാംഗ്ലൂര്‍ ഫൈനലില്‍ കടന്നപ്പോള്‍ താരമായത് എലിസ് പെറിയാണ്. ബാംഗ്ലൂര്‍ നിരയിലെ മറ്റ് ബാറ്റേഴ്സെല്ലാം സ്കോര്‍ ഉയര്‍ത്താനാവാതെ മടങ്ങിയപ്പോള്‍ എലിസ് പെറിയുടെ അര്‍ധ ശതകമാണ് ഭേദപ്പെട്ട ടോട്ടലിലേക്ക് ബാംഗ്ലൂരിനെ എത്തിച്ചത്. 50 പന്തില്‍ നിന്ന് 66 റണ്‍സ് എലിസ് പെറി നേടിയപ്പോള്‍ ബാറ്റില്‍ നിന്ന് വന്നത് എട്ട് ഫോറും ഒരു സിക്സും. ബൗണ്ടറി ലൈനിന് അപ്പുറം വെച്ചിരുന്ന കാറിന്റെ ചില്ല് തകര്‍ത്തായിരുന്നു ആ ഒരു സിക്സ് പറന്നത്. തകര്‍ത്ത ഗ്ലാസ് വിന്‍ഡോയുടെ ചില്ല് ഇനി എലിസ് പെറിക്ക് സ്വന്തം.
മല്‍സരത്തിന് ശേഷം എലിസ് പെറി സിക്സ് അടിച്ച് തകര്‍ത്ത കാറിന്റെ ഗ്ലാസ് വിന്‍ഡോ ടാറ്റ താരത്തിന് സമ്മാനമായി നല്‍കി. കാറിന്റെ വിന്‍ഡോ തകര്‍ത്ത പെറിയുടെ സിക്സ് ക്രിക്കറ്റ് ലോകത്ത് വൈറലായിരുന്നു. കുട്ടിക്കാലം മുതല്‍ കാണാന്‍ കാത്തിരുന്ന നിമിഷം എന്നെല്ലാമാണ് പെറിയുടെ ഈ സിക്സ് ചൂണ്ടി സമൂഹമാധ്യമങ്ങളില്‍ ആരാധകരില്‍ നിന്ന് വന്ന കമന്റുകള്‍. പഞ്ച് ഇവിയുടെ ഗ്ലാസിന്റെ ശക്തി കൂട്ടണം എന്നും ആരാധകര്‍ പറയുന്നു.
ബാംഗ്ലൂരിനെ കലാശപ്പോരിലേക്ക് എത്തിച്ച പെറിയോടുള്ള ആരാധകരുടെ സ്നേഹം ഡല്‍ഹി മെട്രോയിലും കണ്ടു. കലാശപ്പോര് നടക്കുന്ന ഇന്ന് ഡല്‍ഹി മെട്രോയില്‍ പെറി..പെറി എന്നും ആര്‍സിബി എന്നുമുള്ള വിളികളുമായാണ് ആരാധകര്‍ നിറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് ഫൈനലില്‍ ബാംഗ്ലൂരിന്റെ എതിരാളികള്‍. അരുണ്‍ ജെയറ്റ്ലി സ്റ്റേഡിയത്തിലാണ് മല്‍സരം.
Ellyse Perry broke car's side window glass with six