ധരംശാലയിലെ ഇന്നിങ്സ് ജയത്തോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജയം ഇന്ത്യ ആഘോഷമാക്കി. 4-1ന് പരമ്പര കൈക്കലാക്കി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനവും പിടിച്ചു. 195 റണ്‍സിന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് അവസാനിച്ചതിന് ഇടയില്‍ ക്ലീന്‍ ബൗള്‍ഡായതിന് റിവ്യു എടുത്ത് ഇംഗ്ലണ്ടിന്റെ ഷുഐബ് ബഷീര്‍ ചിരി പടര്‍ത്തി.
ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 46ാം ഓവറിലാണ് സംഭവം. രവീന്ദ്ര ജഡേജയുടെ ഡെലിവറിയില്‍ ബഷീര്‍ ബൗള്‍ഡായി. ഇതിനാണ് ബാഷിര്‍ റിവ്യു എടുത്തത്. ഇത് കണ്ട് നോണ്‍സ്ട്രൈക്കറായ ജോ റൂട്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് ചിരിയടക്കാനായില്ല. വിക്കറ്റ് കീപ്പറുടെ കൈകളിലേക്കാണ് പന്ത് എത്തിയതെന്ന് കരുതിയാണ് ബഷീര്‍ റിവ്യു എടുത്തത്. ജോ റൂട്ട് പറയുമ്പോഴാണ് ബൗള്‍ഡ് ആയതെന്ന് ബഷീര്‍ മനസിലാക്കുന്നത്.
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സില്‍ 84 റണ്‍സ് എടുത്ത് ജോ റൂട്ട് മാത്രമാണ് പിടിച്ചുനിന്നത്. രണ്ട് ഇന്നിങ്സിലുമായി 9 വിക്കറ്റ് വീഴ്ത്തി അശ്വിന്‍ നൂറാം ടെസ്റ്റ് ആഘോഷിച്ചു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സില്‍ കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് പിഴുതിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും ഗില്ലിന്റേയും സെഞ്ചറി ഇന്നിങ്സുകളാണ് ധരംശാലയില്‍ മികച്ച ലീഡ് എടുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. രോഹിത് ശര്‍മയുടെ ടെസ്റ്റിലെ 12ാം സെഞ്ചറിയും ഗില്ലിന്റെ 4ാം സെഞ്ചറിയുമാണ് ധരംശാലയില്‍ പിറന്നത്.