അവസാന അഞ്ച് പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ്. യുപി വാരിയേഴ്സിന് എതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ജയിച്ചു കയറുമെന്ന് തോന്നിച്ചു. എന്നാല്‍ അവസാന നിമിഷം യുപി വാരിയേഴ്സിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. അവസാന ഓവറില്‍ തുടരെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഡല്‍ഹിയെ യുപി വാരിയേഴ്സ് സ്വന്തം തട്ടകത്തില്‍ തോല്‍വിയിലേക്ക് തള്ളിയിട്ടു. യുപിക്ക് ഒരു റണ്‍സിന്റെ അവിശ്വസനീയ ജയം.
139 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിക്ക് അവസാന ഓവറില്‍ 10 റണ്‍സ് ആണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ഗ്രേസ് ഹാരിസിനെതിരെ രാധാ യാദവ് സിക്സ് പറത്തി. ഇതോടെ ഡല്‍ഹിക്ക് ജയിക്കാന്‍ അഞ്ച് പന്തില്‍ നാല് റണ്‍സ് മതി എന്ന നിലയായി. ഓവറിലെ രണ്ടാമത്തെ പന്തില്‍ രാധാ യാദവ് രണ്ട് റണ്‍സ് എടുത്തു. ഇതോടെ ഡല്‍ഹിക്ക് ജയിക്കാന്‍ നാല് പന്തില്‍ നിന്ന് രണ്ട് റണ്‍സ് ആയി. എന്നാല്‍ പിന്നെ കണ്ടത് വാരിയേഴ്സ് കളി കീഴ്മേല്‍ മറിക്കുന്നതാണ്.
അവസാന ഓവറിലെ മൂന്നാമത്തെ ഡെലിവറിയില്‍ രാധാ യാദവിനെ ഗ്രേസ് ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ മൂന്ന് പന്തില്‍ നിന്ന് ജയിക്കാന്‍ ഡല്‍ഹിക്ക് വേണ്ടത് രണ്ട് റണ്‍സ് എന്ന നില. ഓവറിലെ നാലാമത്തെ പന്തില്‍ താനിയ റണ്‍ഔട്ടായി. അഞ്ചാമത്തെ പന്തില്‍ ടിറ്റാസ് സാധുവിനെ വീഴ്ത്തി യുപി വാരിയേഴ്സ് അവശ്വസനീയ ജയം പിടിച്ചു.
യുപി വാരിയേഴ്സിനായി 4 വിക്കറ്റ് വീഴ്ത്തുകയും 48 പന്തില്‍ നിന്ന് 59 റണ്‍സ് എടുക്കുകയും ചെയ്ത ദീപ്തി ശര്‍മയാണ് കളിയിലെ താരം. ഡല്‍ഹിക്കായി മെഗ് ലാനിങ് മാത്രമാണ് പിടിച്ചുനിന്നത്. 46 പന്തില്‍ നിന്ന് ഡല്‍ഹി ക്യാപ്റ്റന്‍ 60 റണ്‍സ് നേടി.