ബാറ്റേഴ്സിന് വലിയ പ്രയാസം സൃഷ്ടിക്കുന്ന പിച്ച് ആയിരുന്നില്ല ധരംശാലയിലേത്‍. എന്നാല്‍ കുല്‍ദീപ് യാദവും അശ്വിനും ചേര്‍ന്ന് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ത്തിട്ടു. 57 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയ്ക്ക് ഒന്നാം ഇന്നിങ്സില്‍ പിടിച്ചുനില്‍ക്കാനായത്. 100-1 എന്ന നിലയില്‍ നിന്ന് 218ന് അവര്‍ ഓള്‍ഔട്ടായി. ധരംശാല ടെസ്റ്റിലും സന്ദര്‍ശകര്‍ക്ക് രക്ഷയില്ലെന്ന് വന്നതോടെ ഇന്ത്യയെ ഇന്ത്യയില്‍ വെച്ച് എങ്ങനെ തോല്‍പ്പിക്കാം എന്ന് പറഞ്ഞ് ഇംഗ്ലണ്ടിനെ പരിഹസിക്കുകയാണ് മുന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി.
ഇന്ത്യയെ ഇന്ത്യയില്‍ വെച്ച് തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് ഇന്ത്യയുടെ മുഴുവന്‍ ബൗളിങ് ആക്രമണ നിരയേയും വേണം. അതിനൊപ്പം യശസ്വി, രോഹിത് എന്നിങ്ങനെ പലരേയും വേണം. 2012 മുതല്‍ ഇന്ത്യയില്‍ വെച്ച് ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. 2012ലാണ് ഇംഗ്ലണ്ട് അവസാനമായി ഇന്ത്യയില്‍ പരമ്പര ജയിക്കുന്നത്, കമന്ററി ബോക്സിലിരുന്ന് രവി ശാസ്ത്രി പറഞ്ഞു.
ധരംശാല ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്
ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്സില്‍ സ്കോര്‍ ഉയര്‍ത്താന്‍ അനുവദിക്കാതെ പുറത്താക്കിയ ശേഷം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ വേഗത്തില്‍ റണ്‍സ് സ്കോര്‍ ചെയ്യുന്നതാണ് ധരംശാലയില്‍ കണ്ടത്. 135-1 എന്ന നിലയില്‍ ആദ്യ ദിനം അവസാനിപ്പിച്ച ഇന്ത്യ രണ്ടാം ദിനം ആദ്യ സെഷനില്‍ തന്നെ സ്കോര്‍ 250 കടത്തി. ശുഭ്മാന്‍ ഗില്ലിന്റേയും രോഹിത് ശര്‍മയുടേയും കൂട്ടുകെട്ടോടെയാണ് ഇന്ത്യ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് അനായാസം മറികടന്നു.
58 പന്തില്‍ നിന്ന് 57 റണ്‍സ് എടുത്ത് നില്‍ക്കെയാണ് യശസ്വി ആദ്യ ദിനം പുറത്തായത്. ബാഷിറിന്റെ പന്തില്‍ ഫോക്സ് യശസ്വിയെ സ്റ്റംപ് ചെയ്ത് മടക്കുകയായിരുന്നു. എന്നാല്‍ മികച്ച ഫോമില്‍ രോഹിത്തും ഗില്ലും ബാറ്റ് വീശിയതോടെ ധരംശാലയില്‍ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്കാണ് ഇന്ത്യ നീങ്ങുന്നത്.
Ravi shastri mockes england cricket team