സ്വന്തം നാട്ടില്‍ ഓസ്ട്രേലിയയോട് ട്വന്‍റി20 പരമ്പരയില്‍ നേരിട്ട തോല്‍വിക്കുള്ള പ്രതികാരമാണ് ന്യൂസിലാന്‍ഡിന് ടെസ്റ്റ് പരമ്പര. എന്നാല്‍ വില്ലിങ്ടണിലെ ആദ്യ ടെസ്റ്റില്‍ തന്നെ ന്യൂസിലാന്‍ഡിന് പിഴക്കുകയാണ്. ആദ്യ ഇന്നിങ്സില്‍ 178 ഓള്‍ഔട്ടായ ആതിഥേയര്‍ ലീഡും വഴങ്ങിയിട്ടുണ്ട്. അതോടൊപ്പം രണ്ടാം ദിവസം ന്യൂസിലാന്‍ഡ് ക്യാംപിന് സമ്മാനിച്ച നിരാശജനകമായ കാഴ്ച കെയിന്‍ വില്യംസണിന്‍റെ റണ്ണൗട്ടാണ്. സഹതാരവുമായി കൂട്ടിയിടിച്ച് റണ്ണൗട്ടായ വില്യംസണ്‍ 12 വര്‍ഷത്തിനിടെ ആദ്യമായാണ് ടെസ്റ്റ് ക്രിക്കറ്റില്‍ റണ്ണൗട്ടാകുന്നത്.
ന്യൂസിലാന്‍ഡ് സ്കോര്‍ 12-1 എന്ന നിലയില്‍ അഞ്ചാം ഓവറിലാണ് കെയിന്‍ വില്യംസണ്‍ ബാറ്റിങിനെത്തുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഓവറില്‍ മിഡ്– ഓഫിലേക്ക് ഷോട്ട് പായിച്ച് സിംഗിളിന് ശ്രമിച്ച വില്യംസണ്‍ റണ്ണൗട്ടാവുകയായിരുന്നു. നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിസ്‍ നില്‍ക്കുകയായിരുന്ന വില്‍ യങിന്‍റെ ശ്രദ്ധ പന്തിലേക്ക് തിരിയുകയും റണ്ണിനായി ഓടുകയായിരുന്ന വില്യംസണുമായി കൂട്ടിയിടിക്കുകയുമായിരുന്നു. പന്ത് കിട്ടിയ മാര്‍നസ് ലാബുഷാഗ്നെയുടെ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലേക്കുള്ള ത്രോ കൃത്യമായതോടെ വില്യംസണ്‍ റണ്ണൗട്ടായി.
രണ്ടാം പന്തില്‍ പൂജ്യത്തിന് പുറത്തായ വില്യംസണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 12 വര്‍ഷത്തിനിടെ ആദ്യമായാണ് റണ്ണൗട്ടാകുന്നത്. ഇതിന് മുന്‍പ് 2012 ല്‍ നൈപ്പര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ സിംബാവെയ്ക്കെതിരായാണ് വില്യംസണ്‍ റണ്ണൗട്ടായത്.
മല്‍സരത്തില്‍ ഓസീസ് ആധിപത്യം തുടരുകയാണ്. ഒന്നാം ഇന്നിങ്സില്‍ കാമറൂണ്‍ ഗ്രീനിന്‍റെ 174 റണ്‍സ് പ്രകടനത്തില്‍ ഓസ്ട്രേലിയ 383 റണ്‍സെടുത്തിരുന്നു. രണ്ടാം ദിവസം ആദ്യ ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കിവീസിന് തുടരെ വിക്കറ്റ് വീണത് തിരിച്ചടിയായി. രാവിലെ ചായയ്ക്ക് പിരിയും മുന്‍പെ തുടരെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ഓസീസ് ന്യൂസിലാന്‍ഡിനെ വലിയ തകര്‍ച്ചയിലേക്കാണ് തള്ളി വിട്ടു. നാലാം ഓവറില്‍ ഓപ്പണര്‍ ടോം ലാതം അഞ്ച് റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെയാണ് കെയിന്‍ വില്യംസണും രചിന്‍ രവീന്ദ്രയും പൂജ്യത്തിന് പുറത്താകുന്നത്.
42-5 എന്ന നിലയിലാണ് കിവീസ് ചായയ്ക്ക് പിരിഞ്ഞത്. ടോം ബ്ലുണ്‍ഡെല്‍ (33), ഗ്ലീന്‍ ഫില്പ്സ് (71), മാറ്റ് ഹെന്‍റി (42) എന്നിവരുടെ ഇന്നിങ്സുകള്‍ മാത്രമാണ് ടീമിന് കരുത്തായത്. ഒന്നാം ഇന്നിങ്സില്‍ 179 പുറത്തായതോടെ വലിയ ലീഡ് വഴങ്ങുന്ന അവസ്ഥയിലേക്ക് ന്യൂസിലാന്‍ഡെത്തി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുത്തിട്ടുണ്ട്. 217 റണ്‍സിന്‍റെ ലീഡും ഓസ്ട്രേലിയയ്ക്കുണ്ട്.
Kane Williamson runout in test after 12 years