paul-pogba

TAGS

യുവന്റ്സിന്റെ മധ്യനിര താരം പോള്‍ പോഗ്ബയ്ക്ക് നാല് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഉത്തേജക മരുന്ന് പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇറ്റലിയിലെ ഉത്തേജകമരുന്ന് വിരുദ്ധ ട്രൈബ്യൂണല്‍ പോഗ്ബയ്ക്ക് നാല് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. 

നാല് വര്‍ഷത്തെ വിലക്ക് നേരിടുന്നതോടെ പോഗ്ബയുടെ ഫുട്ബോള്‍ കരിയറിന് തിരശീല വീഴുമോ എന്ന ചോദ്യമാണ് ഉയരുന്നത്. 2023 സെപ്റ്റംബര്‍ 11നാണ് പോഗ്ബ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനായത്. 2025 വരെയാണ് യുവന്റ്സുമായി പോഗ്ബയ്ക്ക് കരാറുള്ളത്. 

2027 ഓഗസ്റ്റ് വരെ പോഗ്ബയ്ക്കുള്ള വിലക്ക് തുടരും. വിലക്ക് കഴിയുമ്പോള്‍ പോഗ്ബയുടെ പ്രായം 34ലേക്ക് എത്തും. നാല് വര്‍ഷത്തെ വിലക്ക് വരുന്നതോടെ പോഗ്ബയുമായുള്ള കരാ‍ര്‍ യുവന്റ്സ് റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വിലക്ക് സംബന്ധിച്ച് പോഗ്ബ അപ്പീല്‍ നല്‍കും. 

നിരോധിക പദാര്‍ഥമായ ടെസ്റ്റോസ്റ്റിറോണ്‍ പോഗ്ബയുടെ ശരീരത്തില്‍ ഉണ്ടെന്നാണ് ഉത്തേജകമരുന്ന് പരിശോധനയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് 2023 സെപ്റ്റംബറില്‍ പോഗ്ബയെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരുന്നു. 2018ലെ റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സ് കിരീടം ഉയര്‍ത്തിയപ്പോള്‍ പ്രധാന താരമായിരുന്നു പോഗ്ബ. ഖത്തര്‍ ലോകകപ്പ് പരുക്കിനെ തുടര്‍ന്ന് പോഗ്ബയ്ക്ക് നഷ്ടമായി.