rajat-patidar

ഇതുവരെ കളിച്ചത് ആറ് ഇന്നിങ്സുകള്‍. അതില്‍ പൂജ്യത്തിന് പുറത്തായത് രണ്ട് വട്ടം. ഇന്ത്യന്‍ ടീമില്‍ ലഭിച്ച അവസരം സര്‍ഫറാസ് ഖാനും ധ്രുവ് ജുറെലും ആകാശ് ദീപുമെല്ലാം പ്രയോജനപ്പെടുത്തുമ്പോള്‍ ഓരോ വട്ടവും നിരാശപ്പെടുത്തി ക്രീസ് വിടുകയാണ് രജത് പാട്ടിദാര്‍. തന്റെ ആറ് ടെസ്റ്റ് ഇന്നിങ്സില്‍ നിന്ന് രജത് ഇതുവരെ സ്കോര്‍ ചെയ്തത് 63 റണ്‍സ് മാത്രം. 

ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കാനുള്ള അവസരം രജത്തിന് മുന്‍പില്‍ വന്നിരുന്നു. എന്നാല്‍ പരമ്പരയില്‍ ഉടനീളം ബാറ്റിങ്ങില്‍ പ്രയാസപ്പെട്ട രജത്തിന് റാഞ്ചിയിലും അതിജീവിക്കാനായില്ല. ആറ് പന്തില്‍ ഡക്കായാണ് രജത് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. ഇതോടെ ഇനിയൊരു അവസരം രജത് അര്‍ഹിക്കുന്നില്ല എന്ന ആരാധകരുടെ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

32, 9,5,0,17,0 എന്നതാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചതിന് ശേഷമുള്ള രജത്തിന്റെ സ്കോറുകള്‍. 10.50 ആണ് ബാറ്റിങ് ശരാശരി. തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ വിശാഖപട്ടണത്ത് നേടിയ 32 റണ്‍സ് ആണ് രജത്തിന്റെ ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍. 39.87 മാത്രമാണ് സ്ട്രൈക്ക്റേറ്റ്. പരമ്പരയിലെ അവസാന ടെസ്റ്റിലേക്ക് കെ.എല്‍.രാഹുല്‍ ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ചെത്തിയാല്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം നഷ്ടപ്പെടുക രജത്തിനായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഇംഗ്ലണ്ട് ലയേണ്‍സിന് എതിരെ മികവ് കാണിച്ചതോടെയാണ് രജത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. ഇംഗ്ലണ്ട് ലയേണ്‍സിന് എതിരായ പരമ്പരയിലെ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ 151 റണ്‍സ് ആണ് രജത് സ്കോര്‍ ചെയ്തത്. ടീം ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോഴായിരുന്നു രജത്തിന്റെ സമ്മര്‍ദത്തെ അതിജീവിച്ചുള്ള ഈ ഇന്നിങ്സ്. ഇതോടെ സര്‍ഫറാസ് ഖാനും മുന്‍പേ രജത്തിന് ഇന്ത്യന്‍ ടീമിലേക്ക് അവസരവും നല്‍കി. എന്നാല്‍ അത് മുതലാക്കാന്‍ രജത്തിന് സാധിച്ചില്ല.