ben-stokes-22

ഇന്ത്യ–ഇംഗ്ളണ്ട് നാലാം ടെസ്റ്റിനായി റാഞ്ചിയില്‍ ഒരുക്കുന്ന പിച്ചിനെതിരെ വിമര്‍ശനവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ്. താന്‍ ഇതുവരെ കാണാത്ത തരത്തിലുള്ള പിച്ചാണ് ഒരുക്കുന്നതെന്നും എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും ഇംഗ്ലണ്ട് നായകന്‍ തുറന്നടിച്ചു. 

 

അ‍ഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെ സംബന്ധിച്ച്  പരമ്പര കൈവിടാതിരിക്കാനുള്ള നിര്‍ണായ മത്സരമാണ് അടുത്തത്. അത്തരം ഒരു മത്സരത്തിനായി ഒരുക്കിയ പിച്ചിനെക്കുറിച്ചാണ് താരം ആശങ്ക പങ്കുവെക്കുന്നത്. പ്രത്യക്ഷത്തില്‍ പുല്ല് നിറഞ്ഞ പിച്ചായി തോന്നുമെങ്കിലും വലിയ വിള്ളലുകളുള്ള പിച്ചാണ് റാഞ്ചിയില്‍ ഒരുക്കിയിരിക്കുന്നത്. ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുന്ന പിച്ചാണ് ഇതെന്നും ബെന്‍ സ്റ്റോക്സ് തുറന്നടിച്ചു. 

 

ബെന്‍ സ്റ്റോക്സിനു പുറമേ വൈസ് ക്യാപ്റ്റന്‍ ഒലി പോപ്പും പിച്ചിനെ പഴിചാരി രംഗത്തെത്തി. സ്റ്റോക്സ് പറഞ്ഞതുപോലെ തന്നെ പിച്ചില്‍ നിറയെ വിള്ളലുകളാണെന്നും മത്സരഫലത്തെ അത് സ്വാധീനിക്കുമെന്നുമുള്ള ആശങ്ക ഒലി പോപ്പും രേഖപ്പെടുത്തി. ഇംഗ്ളണ്ട് വിജയിച്ച ആദ്യ ടെസ്റ്റില്‍ 196 റണ്‍സ് നേടി മികച്ച പ്രകടനമായിരുന്നു ഒലി പോപ്പ് കാഴ്ചവെച്ചത്. 

 

രണ്ടാം ടെസ്റ്റിൽ 106 റൺസിന് വിജയിച്ച ഇന്ത്യ, രാജ്‌കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 434 റൺസിന് തകർത്ത് റണ്‍ അടിസ്ഥാനത്തിലെ എക്കാലത്തെയും വലിയ ടെസ്റ്റ് വിജയവുമായാണ് 2-1 ലീഡ് നേടിയത്.

 

Ben Stokes Massive Take On Ranchi Pitch