രാജ്കോട്ട് ടെസ്റ്റിന്‍റെ മൂന്നാം ദിനം മല്‍സരത്തിലേക്ക് ഇന്ത്യയ്ക്ക് വാതില്‍ തുറന്നത് ജോ റൂട്ടിന്‍റെ വിക്കറ്റിലൂടെയായിരുന്നു. ജസ്പ്രിത് ബൂമ്രയുടെ പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച റൂട്ടിന്‍റെ ഷോട്ട് സെക്കന്‍ഡ് സ്ലിപ്പില്‍ യശ്വസി ജയ്സ്വാളിന്‍റെ കയ്യില്‍ അവസാനിക്കുകയായിരുന്നു.
അശ്വിന്‍റെ മടക്കത്തോടെ 10 പേരായി ചുരുങ്ങിയ ഇന്ത്യന്‍ ടീമിന് മല്‍സരത്തിലേക്കുള്ള തിരിച്ചു വരവായിരുന്നു റൂട്ടിന്‍റെ വിക്കറ്റ്. ഇംഗ്ലണ്ട് ടീമിന്‍റെ ബാസ്ബോള്‍ തന്ത്രത്തിന്‍റെ ഉന്നം തെന്നിയ ശ്രമം എന്നാണ് വിമര്‍ശകര്‍ ഈ പ്രകടനത്തെ വിലയിരുത്തുന്നത്. വിമര്‍ശകര്‍ ജോ റൂട്ടിന്‍റെ ഷോട്ടിനെ കീറിമുറിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മുന്‍കാല പ്രകടനം ചൂണ്ടിക്കാട്ടി പിന്തുണയുമായി മറുഭാഗവും രംഗത്തുണ്ട്.
ചരിത്രത്തിലെ മോശം ഷോട്ട്?
ജോ റൂട്ടിന്‍റെ ബാസ്ബോള്‍ ഷോട്ട് ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഷോട്ട് എന്നാണ് ക്രിക്കറ്റ് ലേഖകനായ സ്കൈല്‍ഡ് ബെറി ടെലഗ്രാഫില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ തലക്കെട്ട്. ഇന്ത്യ 10 പേരുമായി ചുരുങ്ങിയ, മല്‍സരത്തിന്‍റെ നിര്‍ണായ സമയത്ത് ഇന്ത്യയ്ക്ക് നല്‍കിയ മികച്ച സമ്മാനം എന്നാണ് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍ എക്സില്‍ കുറിച്ചത്.
പഴയ മല്‍സരം കണ്ടോ എന്ന് ചോദ്യം?
റൂട്ടിന് പിന്തുണയുമായി ഇംഗ്ലണ്ട് താരം ബെന്‍ ഡുക്കെറ്റ് രംഗത്തെത്തി. പാറ്റ് കമ്മിന്‍സനെ അതേ രീതിയില്‍ റൂട്ട് സിക്സര്‍ പറത്തിയിട്ടുണ്ടെന്നും ഇന്ന് ഇതിന് എതിര് നില്‍ക്കുന്നവര്‍ അന്ന് എതിര്‍ത്തിരുന്നോ എന്നായിരുന്നു ഡുക്കെറ്റിന്‍റെ ചോദ്യം. സമീപ കാലത്ത് റൂട്ടിന് ഈ ഷോട്ട് വിജയമായിരുന്നു. അടുത്ത തവണ സ്ലിപ്പിന് മുകളിലൂടെ കടക്കാമെന്നും ഡുക്കെറ്റ് പറഞ്ഞു.
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍റെ പിന്തുണയും റൂട്ടിനുണ്ട്. കരിയറില്‍ പുത്തന്‍ ഷോട്ടുകള്‍ കളിച്ച് വിജയിച്ച താരത്തിനെതിരെ വിമര്‍ശര്‍ ഒതുങ്ങണമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ''ആഷസില്‍ ആദ്യ പന്തില്‍ റിവേഴ്സ് സ്വീപ്പ് കളിച്ച് റൂട്ട് സിക്സര്‍ പറത്തിയപ്പോള്‍ വൗ റൂട്ട് എന്നുള്ള അഭിനന്ദനങ്ങളായിരുന്നു. എന്നാല്‍ ബൂമ്രയ്ക്കെതിരെ അതേ ഷോട്ട് കളിച്ച് പുറത്തായപ്പോള്‍ എന്തൊരു അപമാനിക്കലാണ്'' എന്നായിരുന്നു നാസര്‍ ഹുസൈന്‍റെ ചോദ്യം.
ഷോട്ട് ഇന്ത്യയ്ക്ക് തുണയായി
ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും ജോ റൂട്ടിന്‍റെ പ്രകടനത്തില്‍ പ്രതികരണമായെത്തി. ജോ റൂട്ട് റിവേഴ്സ് സ്വീപ്പ് കളിച്ചത് ആശ്ചര്യപ്പെടുത്തിയെന്നും എന്നാലിത് ഇന്ത്യയ്ക്ക് ഗുണമായെന്നും സിറാജ് പറഞ്ഞു. ''ജോ റൂട്ട് അല്‍പം കൂടി നേരം കളിച്ചിരുന്നെങ്കില്‍ അത് ഇന്ത്യയ്ക്ക് ബുദ്ധിമുട്ടാകുമായിരുന്നു. പെട്ടന്നുള്ള ആ ഷോട്ട് നമുക്ക് ഗുണമായി'' സിറാജ് പറഞ്ഞു.
രണ്ട് ഫോറുള്‍പ്പടെ 18 റണ്‍സാണ് ഒന്നാം ഇന്നിംഗ്സില്‍ ജോ റൂട്ട് നേടിയത്. സീരീസില്‍ ഇതുവരെ 28, 2, 5, 16, 18 എന്നിങ്ങനെയാണ് റൂട്ടിന്‍റെ ബാക്കിംഗ് പ്രകടനം. 207 ന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മൂന്നാം ദിവസം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 319 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 153 റണ്‍സ് നേടി ബെന്‍ ഡുകെറ്റും 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സും മാത്രമാണ് ബാറ്റിങില്‍ തിളങ്ങിയത്. 126 റണ്‍സ് ലീഡോടെ രണ്ടാ ഇന്നിങ്സ് തുടങ്ങിയ ഇന്ത്യ യശ്വസി ജയ്സ്വാളിന്‍റെ സെഞ്ചുറിയോടെ ലീഡ് 322 റണ്‍സായി ഉയര്‍ത്തിയിട്ടുണ്ട്.
Joe Root's reverse sweep short in first innings get critisism