ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ടസെഞ്ചറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ മൂന്നാമത്തെ ഇന്ത്യന്‍ ബാറ്ററായി യശസ്വി ജയ്സ്വാള്‍. വിനോദ് കാംബ്ലിക്കും സുനില്‍ ഗവാസ്കറിനും മാത്രം പിന്നിലാണ് ഇന്ത്യയുടെ പുതിയ സൂപ്പര്‍ ബാറ്റര്‍. വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരെ സെഞ്ചറി നേടുമ്പോള്‍ ജയ്സ്വാളിന് പ്രായം 22 വയസും 36 ദിവസവും. ടെസ്റ്റ് ചരിത്രത്തില്‍ ഇരട്ടസെഞ്ചറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ പതിനൊന്നാമത്തെ താരമാണ് ജയ്സ്വാള്‍.
രസകരമായ മറ്റൊരു റെക്കോര്‍ഡ് കൂടി യശസ്വി വിശാഖപട്ടണത്ത് സ്വന്തമാക്കി. മറ്റ് ടീമംഗങ്ങളില്‍ ആരും 34 റണ്‍സ് മറികടക്കാത്ത ഒരിന്നിങ്സില്‍ ഇരട്ടസെഞ്ചറി നേടുക എന്ന അത്യപൂര്‍വ റെക്കോര്‍ഡ്. 2005 ല്‍ അഡ്ലെയ്ഡില് ഓസ്ട്രേലിയയ്ക്കെതിരെ സാക്ഷാല്‍ ബ്രയാന്‍ ലാറയുടെ പേരില്‍ കുറിക്കപ്പെട്ട നേട്ടം. അന്ന് 34 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോ ആയിരുന്നു രണ്ടാമത്തെ ടോപ് സ്കോറര്‍. ഇക്കുറി 34 റണ്‍സെടുത്തത് ശുഭ്മന്‍ ഗില്‍.
ഇംഗ്ലണ്ടിനെതിരായ രണ്ടാംടെസ്റ്റിന്റെ ആദ്യദിനം തന്നെ ജയ്സ്വാള്‍ ഉജ്വലസെഞ്ചറി നേടിയിരുന്നു. ഇന്ത്യയുടെ മറ്റ് ബാറ്റര്‍മാര്‍ ജിമ്മി ആന്‍ഡേഴ്സണും റെഹാന് അഹമ്മദിനും ഷൊയ്ബ് ബഷീറിനും മുന്നില്‍ കീഴടങ്ങിയപ്പോള്‍ യശസ്വി ആരെയും കൂസാതെ അനായാസം മുന്നേറി. ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ താരം പുറത്തെടുത്ത ബാറ്റിങ്ങിന്റെ അഴകും ആഴവും പറഞ്ഞറിയിക്കാനാവില്ല.
290 പന്തില്‍ 209 റണ്‍സാണ് യശസ്വി അടിച്ചുകൂട്ടിയത്. 423 മിനിറ്റ് ക്രീസില്‍ നിന്നു. 19 തവണ പന്ത് ബൗണ്ടറി കടത്തി. ഏഴ് സിക്സറുകളും പായിച്ചു. 70.06ന്റെ ശരാശരിയിലായിരുന്നു സ്കോറിങ്.
ഒരുവശത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോള്‍ ഇന്ത്യന്‍ ഇന്നിങ്സിന്റെ നെടുംതൂണായി നിന്ന യശസ്വിയെ ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രായംകൂടിയ താരം ജെയിംസ് ആന്‍ഡേഴ്സനാണ് പുറത്താക്കിയത്. യുവതാരം ബാറ്റിങ്ങിന് വേഗം കൂട്ടാന്‍ ശ്രമിക്കുന്നത് തിരിച്ചറിഞ്ഞ ആന്ഡേഴ്സണ് വൈഡര്‍ ലൈനില്‍ എറിഞ്ഞ ഫുള്‍ ലെങ്ത് പന്തില്‍ ജയ്സ്വാള്‍ ബാറ്റ് വച്ചു. ഔട്ട്സൈഡ് എഡ്ജില്‍ ഉരഞ്ഞ് ഡീപ് കവറില്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകളിലേക്ക്. ചരിത്രം കുറിച്ച ഇന്നിങ്സിന് തിരശീല!
ടെസ്റ്റ് ക്രിക്കറ്റില്‍ യശസ്വി ഇതുവരെ ആകെ കളിച്ചത് 6 മല്‍സരങ്ങള്‍. 10 ഇന്നിങ്സുകളില്‍ നിന്നായി 620 റണ്‍സാണ് സമ്പാദ്യം. 62 റണ്‍സിന്റെ വമ്പന്‍ ശരാശരിയുണ്ട്. 63.58 ആണ് സ്ട്രൈക്ക് റേറ്റ്. ഇരട്ടശതകം ഉള്‍പ്പെടെ രണ്ട് സെഞ്ചറിയും രണ്ട് അര്‍ധശതകങ്ങളും താരത്തിന്റെ പേരിലുണ്ട്.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉദിച്ചുയര്‍ന്ന് മിന്നിത്തിളങ്ങിയ വിനോദ് കാംബ്ലി 1993ല്‍ നേടിയ രണ്ട് ഇരട്ടസെഞ്ചറികളാണ് ഏറ്റവും കുറഞ്ഞ പ്രായത്തിലെ ഇന്ത്യന്‍ റെക്കോര്‍ഡ്. ഇംഗ്ലണ്ടിനെതിരെ മുംബൈയില്‍ ആദ്യ ഡബില്‍ കുറിക്കുമ്പോള്‍ കാംബ്ലിക്ക് പ്രായം 21 വയസും 32 ദിവസവും. 22 ദിവസങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ സിംബാംബ്വെയ്ക്കെതിരെ വീണ്ടും ഇരട്ടസെഞ്ചറി നേട്ടം. ലോകറെക്കോര്‍ഡ് പട്ടികയില്‍ ഇപ്പോഴും കാംബ്ലി മൂന്നാംസ്ഥാനത്തുണ്ട്.
1971 ല്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ ലോകക്രിക്കറ്റിലെ രാജാക്കന്മാരായിരുന്ന വെസ്റ്റിന്‍ഡീസിനെതിരെയാണ് സുനില്‍ ഗവാസ്കര്‍ ആദ്യ ഇരട്ടസെഞ്ചറി കുറിച്ചത്. അന്ന് ലിറ്റില്‍ മാസ്റ്റര്‍ക്ക് പ്രായം 21 വയസും 277 ദിവസവും. ഈ ഇന്ത്യന്‍ റെക്കോര്‍ഡ് 22 വര്‍ഷം നിലനിന്നു. ലോകറെക്കോര്‍ഡ് പട്ടികയില്‍ ഗവാസ്കര്‍ ഇപ്പോഴും ഏഴാംസ്ഥാനത്തുണ്ട്. 19 വയസും 140 ദിവസും പ്രായമുള്ളപ്പോള്‍ ന്യൂസീലന്‍ഡിനെതിരെ 206 റണ്‍സടിച്ച ജാവേദ് മിയാന്‍ദാദാണ് ഒന്നാമത്.
Double-hundred for Jaiswal! Records and statistics