ഇംഗ്ലണ്ടിനെതിരായ ഹൈദരാബാദ് ടെസ്റ്റിന് ഇടയില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുമ്രയെ താക്കീത് ചെയ്ത് ഐസിസി. ഹൈദരാബാദ് ടെസ്റ്റിന്റെ നാലാം ദിനമാണ് സംഭവം. ഇംഗ്ലണ്ട് ബാറ്റര്‍ ഒലി പോപ്പിനെ ബുമ്ര തോളുകൊണ്ട് തള്ളിയതിനാണ് ഐസിസി നടപടി.
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിന്റെ 81ാം ഓവറിലാണ് സംഭവം. സിംഗിള്‍ എടുക്കാന്‍ ശ്രമിക്കുന്ന ഒലി പോപ്പിന് മുന്‍പില്‍ മാര്‍ഗ തടസമുണ്ടാക്കി തോളുകൊണ്ട് തള്ളി എന്നാണ് ബുമ്രക്കെതിരായ കുറ്റം. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.12 പ്രകാരം കളിക്കാരനുമായോ, അമ്പയറുമായോ മാച്ച് റഫറിയുമായോ കാണികളുമായി അനുചിതമായ ഫിസിക്കല്‍ കോണ്‍ടാക്റ്റ് ഉണ്ടാകരുതെന്ന ചട്ടമാണ് ബുമ്ര ലംഘിച്ചത്.
എന്നാല്‍ 24 മാസത്തിന് ഇടയില്‍ ബുമ്രയില്‍ നിന്ന് വരുന്ന ആദ്യത്തെ കുറ്റമായതിനാല്‍ ഐസിസി താരത്തിന് പിഴയിട്ടില്ല. എന്നാല്‍ ബുമ്രയുടെ പേരിലേക്ക് ഒരു ഡിമെറിറ്റ് പോയിന്റ് വരും. ഐസിസി എലൈറ്റ് പാനല്‍ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സന് മുന്‍പില്‍ ബുമ്ര കുറ്റം സമ്മതിക്കുകയും ശിക്ഷ അംഗീകരിക്കുകയും ചെയ്തു.
പോപ്പിനെ ബുമ്ര തോളുകൊണ്ട് തള്ളിയതിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇരുവര്‍ക്കും അരികിലേക്ക് എത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചിരുന്നു. രണ്ടാം ഇന്നിങ്സില്‍ പോപ്പിന്റെ വിക്കറ്റ് വീഴ്ത്തിയതും ബുമ്രയാണ്. ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ചട്ടലംഘനമാണ് നടത്തുന്നത് എങ്കില്‍ താക്കീതും മാച്ച് ഫീയുടെ 50 ശതമാനം പിഴയായി വിധിക്കലുമാണ് ശിക്ഷ. ഒന്നോ രണ്ടോ ഡിമെറിറ്റ് പോയിന്റ് ചേര്‍ക്കുകയും ചെയ്യും. ഹൈദരാബാദ് ടെസ്റ്റില്‍ 28 റണ്‍സ് തോല്‍വിയിലേക്ക് ഇന്ത്യ വീണപ്പോള്‍ രണ്ട് ഇന്നിങ്സിലുമായി ആറ് വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സില്‍ രണ്ടും രണ്ടാം ഇന്നിങ്സില്‍ നാലും.
Bumrah breached icc code of conduct