Mumbai: Australia's Glenn Maxwell plays a shot during the ICC Men's Cricket World Cup 2023 match between Afghanistan and Australia at the Wankhede Stadium, in Mumbai, Tuesday, Nov. 7, 2023. (PTI Photo/Kunal Patil) (PTI11_07_2023_000455B)
നൈറ്റ് പാര്‍ട്ടിക്കിടയില്‍ മദ്യപിച്ച് ബോധം നഷ്ടമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിന് നേരെ കൂടുതല്‍ നടപടി ഉണ്ടായേക്കില്ല. അഡ്ലെയ്ഡില് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവത്തിന് ശേഷം മാക്സ്വെല് പരിശീലനം പുനരാരംഭിച്ചു. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20 പരമ്പരക്കുള്ള ടീമിലും മാക്സ്വെല് ഇടംപിടിച്ചിരുന്നു.
ഓസീസ് മുന്‍ പേസര്‍ ബ്രെറ്റ് ലീ കൂടി ഭാഗമായ സിക്സ് ആന്‍റ് ഔട്ട് ബാന്‍ഡിന്റെ സംഗീത പരിപാടിയില്‍ പങ്കെടുക്കാനാണ് മാക്സ്വെല്ലും സുഹൃത്തുക്കളും എത്തിയത്. എന്നാല്‍ ഇതിനിടയില്‍ മാക്സ്വെല് ബോധരഹിതനായി വീണു. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചു. മാക്സ്വെല് മദ്യപിച്ച് ബോധരഹിതനായി വീണ സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
വിന്‍ഡിസിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ മാക്സ്വെല്ലിന്റെ പേര് ഉള്‍പ്പെട്ടിട്ടില്ല. മാക്സ്വെല്ലുമായി ഓസീസ് കോച്ച് മക്ഡൊണാള്‍ഡ് സംസാരിച്ചിരുന്നു. കളിക്കളത്തിന് പുറത്തെ സ്വഭാവം നിയന്ത്രിക്കാന്‍ മാക്സ്വെല്ലിനോട് പറയും എന്നാണ് മക്ഡൊണാള്‍ഡ് പ്രതികരിച്ചത്. തന്റെ പ്രവര്‍ത്തികളെ കുറിച്ചും രീതികളെ കുറിച്ചും മാക്സ്വെല് ചിന്തിക്കേണ്ടതുണ്ട് എന്നാണ് ഓസീസ് ക്യാപ്റ്റന്‍ കമിന്‍സ് പ്രതികരിച്ചത്.
സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് ഇടയില്‍ കാല്‍തെറ്റി വീണ് കഴിഞ്ഞ വര്‍ഷം മാക്സ്വെല്ലിന് പരുക്കേറ്റിരുന്നു. ആറ് മാസമാണ് ഈ പരുക്കിനെ തുടര്‍ന്ന് മാക്സ്വെല്ലിന് നഷ്ടമായത്. ഏകദിന ലോകകപ്പിന് ഇടയില്‍ ഗോള്‍ഫ് കോര്‍ട്ടില്‍ തെന്നി വീണും മാക്സ്വെല്ലിന് പരുക്കേറ്റിരുന്നു.