Sunil-Chhetri

എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോരാട്ടം. ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ അവശേഷിക്കുന്ന നേരിയ പ്രീക്വാര്‍ട്ടര്‍ സാധ്യതയില്‍ പ്രതീക്ഷവച്ച് ഇന്ത്യ ഇന്ന് സിറിയയെ നേരിടും. സിറിയയെ തോല്‍പിച്ചതുകൊണ്ടും ഇന്ത്യയ്ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പില്ല. ഇന്നു ജയിച്ചാല്‍ ഇന്ത്യയ്ക്ക് മൂന്നുപോയിന്റുമായി ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്തെത്താം. ടൂര്‍ണമെന്റിലെ മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും പ്രീക്വാര്‍ട്ടറിലെത്താം എന്ന സാധ്യതയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. 

എഎഫ്സി ഏഷ്യന്‍ കപ്പിലെ ആദ്യ രണ്ടുമല്‍സരങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. റാങ്കിങ്ങില്‍ സിറിയ 91ാം സ്ഥാനത്തും ഇന്ത്യ 102ാം സ്ഥാനത്തുമാണ്. വന്‍ മാര്‍ജിനില്‍ സിറിയയെ തോല്‍പിച്ചാല്‍ മാത്രമെ ഇന്ത്യയ്ക്ക് സാധ്യതയുള്ളു. സമനില വഴങ്ങിയാലും  ഇന്ത്യയുടെ എഎഫ്സി ഏഷ്യന്‍ കപ്പിലെ പോരാട്ടം അവസാനിക്കും. നിലവില്‍ ഇന്ത്യയുടെ ഗോള്‍ വ്യത്യാസം -5 ആണ്. 

ഇന്ത്യയേക്കാള്‍ ഭേദപ്പെട്ട പ്രകടനമാണ് സിറിയ ടൂര്‍ണമെന്റില്‍ പുറത്തെടുത്തത്. ഉസ്ബെകിസ്ഥാനോടെ ഗോള്‍രഹിത സമനില പിടിച്ച സിറിയ, ഓസ്ട്രേലിയയോട് തോറ്റത് ഒരു ഗോള്‍ വ്യത്യാസത്തിലും. പ്രതിരോധത്തില്‍ മികവ് കാണിക്കാന്‍ അര്‍ജന്റൈന്‍ പരിശീലകന്‍ ഹെക്റ്റര്‍ കുപ്പറിന് കീഴിലെ സിറിയക്ക് കഴിയുന്നു. 2018ലെ ഫിഫ ലോകകപ്പില്‍ ഈജിപ്തിന്റെ പരിശീലകനായിരുന്ന താരമാണ് ഹെക്റ്റര്‍.

എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഉസ്ബെകിസ്ഥാന്‍ ഇന്ത്യയെ വീഴ്ത്തിയത്. ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റത് 2-0നും. പ്രതിരോധനിരയില്‍ ജിങ്കാനും രാഹുല്‍ ഭെക്കേയും ആകാശ് മിശ്രയുമെല്ലാം മികവ് കാണിച്ചാലാവും സിറിയക്കെതിരെ ഇന്ത്യക്ക് പിടിച്ചുനില്‍ക്കാനാവുകയുള്ളു. എന്നാല്‍ 2007, 2009, 2012 നെഹ്റു കപ്പ് ടൂര്‍ണമെന്റുകളില്‍ സിറിയയെ തോല്‍പ്പിക്കാനായത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നു. 2019ലെ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമും 1-1ന്റെ സമനിലയില്‍ പിരിഞ്ഞു. 

ചാങ്തെയും സഹല്‍ അബ്ദുല്‍ സമദും പരുക്ക് മാറി ടീമിനൊപ്പം പരിശീലനം നടത്തിയത് നിര്‍ണായക മല്‍സരത്തിനിറങ്ങും മുന്‍പ് ഇന്ത്യക്ക് ആശ്വാസമാണ്. പരുക്കിനെ തുടര്‍ന്ന് സഹലിന് ആദ്യ രണ്ട് മല്‍സരവും നഷ്ടമായി. പ്രതിരോധനിര താരം അന്‍വര്‍ അലി, വിങ്ങര്‍ ആശിഖ് കുരുണിയന്‍, മധ്യനിര താരം ജീക്സന്‍ സിങ് എന്നിവരില്ലാതെ ഖത്തറിലേക്ക് വരേണ്ടി വന്ന ഇന്ത്യക്ക് സഹലിനും പരുക്കേറ്റത് തിരിച്ചടിയായിരുന്നു. 

India will face syrica in afc asian cup today