ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 20,000 റൺസ് തികയ്ക്കുന്ന നാലാമത്തെ ബാറ്ററായി ചരിത്രം കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാര. നാഗ്പൂരിലെ വിസിഎ സ്റ്റേഡിയത്തിൽ വിദർഭയ്‌ക്കെതിരായ രഞ്ജി ട്രോഫിയുടെ മൂന്നാം റൗണ്ടിൽ സൗരാഷ്ട്രയ്‌ക്കായി കളിക്കുമ്പോഴാണ് 20000 റണ്‍സ് തികച്ച് ആഭ്യന്തര ക്രിക്കറ്റില്‍ പൂജാര ചരിത്രമെഴുതുന്നത്.
260 മത്സരങ്ങളിൽ നിന്ന് 51.96 എന്ന ശരാശരിയിലാണ് പൂജാരയുടെ നേട്ടം. രാഹുൽ ദ്രാവിഡ് (23,794 റൺസ്), സച്ചിൻ തെണ്ടുൽക്കർ (25,396 റൺസ്), സുനിൽ ഗവാസ്‌കർ (25,834 റൺസ്) എന്നിവരാണ് ഇതിന് മുന്‍പ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 20,000 റൺസ് തികച്ച ബാറ്റര്‍മാര്‍.
നാഗ്പൂരിലെ വെല്ലുവിളി നിറഞ്ഞ പിച്ചിൽ വിദർഭയ്‌ക്കെതിരെ ശക്തമായ വിജയലക്ഷ്യം ഉയര്‍ത്താന്‍ ചേതേശ്വര് പൂജാരയുടെ 66 റണ്‍സ് നിർണായകമായിരുന്നു. മത്സരത്തിൽ പൂജാര മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്സില്‍ 105 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 43 റൺസ് നേടി. പിന്നീട് രണ്ടാം ഇന്നിങ്സില്‍ 137 പന്തിൽ 10 ബൗണ്ടറികളോടെ 66 റൺസ് നേടി. മല്‍സരത്തിൽ സൗരാഷ്ട്ര 238 റൺസിന് വിജയിച്ചു.
നിലവില്‍ 260 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 51.98 ശരാശരിയിൽ 20,013 റൺസ് പൂജാര നേടിയിട്ടുണ്ട്. ഈ ഫോർമാറ്റിൽ 61 സെഞ്ചുറികളും 78 അർധസെഞ്ചുറികളും നേടിയിട്ടുള്ള അദ്ദേഹത്തിന്റെ മികച്ച സ്‌കോർ 352 ആണ്. ഇന്ത്യക്കായി, 176 ഇന്നിങ്സുകളില്‍ നിന്ന് 19 സെഞ്ചുറികളും 35 അർധസെഞ്ചുറികളും ഉൾപ്പെടെ 43.60 ശരാശരിയിൽ 7,195 റൺസാണ് പൂജാര നേടിയത്. അതേസമയം 206* ആണ് പൂജാരയുടെ ഏറ്റവും മികച്ച സ്കോർ. 2023 ജൂണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു പൂജാര ഇന്ത്യയ്‌ക്കായി തന്റെ അവസാന ടെസ്റ്റ് കളിച്ചത്. യുകെയിൽ നടന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലായിരുന്നു അത്.
Indian middle-order batting veteran Cheteshwar Pujara completed 20,000 runs in first-class cricket, becoming the fourth Indian batter to reach the mark.