റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഐപിഎല്ലില്‍ കളിക്കാന്‍ ആഗ്രഹമില്ലായിരുന്നുവെന്നും പക്ഷേ അന്നത്തെ ഐപിഎല്‍ കമ്മിഷണറായിരുന്ന ലളിത് മോഡിയുടെ ഭീഷണിക്ക് വഴങ്ങേണ്ടി വന്നുവെന്നും വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം ഫാസ്റ്റ് ബൗളറായ പ്രവീണ്‍ കുമാര്‍. ഐപിഎല്ലിന്‍റെ ആദ്യസീസണിലാണ് പ്രവീണ്‍ കുമാര്‍ റോയല്‍ ചലഞ്ചേഴ്സിനായി കളിച്ചത്. ബെംഗളൂരൂ മീററ്റില്‍ നിന്നും ഒരുപാട് അകലെയാണെന്നതും ഇംഗ്ലിഷ് വശമില്ലായ്മയും കാരണമാണ് താന്‍ അത്തരത്തിലൊരു തീരുമാനത്തിലെത്തിയിരുന്നതെന്ന് പ്രവീണ്‍ പറയുന്നു.
ദൂരത്തിന് പുറമെ ബെംഗളൂരുവിലെ ഭക്ഷണം ഒട്ടും പിടിച്ചിരുന്നില്ലെന്ന് പ്രവീണ്‍ വെളിപ്പെടുത്തുന്നു. ഡല്‍ഹിയാവട്ടെ വീടിനടുത്താണ്. ഇടയ്ക്കെങ്കിലും വീട്ടില്‍ പോകാന്‍ സാധിക്കുമായിരുന്നു. ഇതൊക്കെയാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്‍റെ ഭാഗമാകാന്‍ പ്രേരിപ്പിച്ചെതന്നും പക്ഷേ ആര്‍സിബിക്ക് ഒപ്പിട്ട് നല്‍കിയ പേപ്പര്‍ പിന്നീട് കരാറായി രൂപാന്തരപ്പെടുകയായിരുന്നുവെന്നും പ്രവീണ്‍ പറയുന്നു.
ഡല്‍ഹിക്ക് വേണ്ടി കളിക്കാനാണിഷ്ടമെന്നും ബെംഗളൂരുവിന് വേണ്ടി കളിക്കാന്‍ താല്‍പര്യമില്ലെന്നും ലളിത് മോഡിയെ നേരിട്ട് കണ്ട് അറിയിക്കാന്‍ തീരുമാനിച്ചു. കാര്യം അറിയിച്ചതിന് പിന്നാലെ വളരെ മോശം പ്രതികരണമുണ്ടായെന്ന് താരം പറയുന്നു. കരിയര്‍ ഇതോടെ ഇല്ലാതാക്കുമെന്നും പോയി കളിക്കുന്നതാണ് നല്ലതെന്നുമായിരുന്നു ലളിത് പറഞ്ഞതെന്നും സ്വകാര്യമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പ്രവീണ്‍ വെളിപ്പെടുത്തി.
പന്ത് ചുരണ്ടല്‍ എല്ലാ കളിക്കാരും ചെയ്തിരുന്നെങ്കിലും പാക് താരങ്ങളാണ് ഇത് കൂടുതലായി ചെയ്തുവന്നിരുന്നതെന്ന് പ്രവീണ്‍ പറഞ്ഞു. പന്ത് ചുരണ്ടല്‍ ഒരു കലയാണ്. റിവേഴ്സ് സ്വിങ് എറിയുമ്പോഴാണ് ഇത് പ്രയോജനപ്പെടുകയെന്നും പക്ഷേ ഇന്ന് ഗ്രൗണ്ടിലെങ്ങും കാമറകള്‍ ഉള്ളതിനാല്‍ ചുരണ്ടല്‍ പിടിക്കപ്പെടുമെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.
Lalit Modi threatend to end my career reveals Ex RCB star Praveen Kuamr