kieron-pollard

ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്ററും മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് പരിശീലകനുമായ പൊള്ളാര്‍ഡിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. മുംബൈ ഇന്ത്യന്‍സിന് ഉള്ളിലെ പ്രശ്നങ്ങളിലേക്ക് ചൂണ്ടിയുള്ള താരത്തിന്റെ ഒളിയമ്പാണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം. രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ നായകനായി മുംബൈ പ്രഖ്യാപിച്ചതും തമ്മില്‍ പൊള്ളാര്‍ഡിന്റെ ഇന്‍സ്റ്റാ സ്റ്റോറിക്ക് ബന്ധമുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം. 

'മഴ പെയ്ത് കഴിഞ്ഞാല്‍ പിന്നെ കുട എല്ലാവര്‍ക്കും ഒരു ബാധ്യതയാണ്. പ്രയോജനങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ കൂറും ഉണ്ടാവില്ല', ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പൊള്ളാര്‍ഡ് കുറിച്ചത് ഇങ്ങനെ. എന്നാല്‍ തന്റെ ഇന്‍സ്റ്റാ സ്റ്റോറിയെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ പൊള്ളാര്‍ഡ് തയ്യാറായിട്ടില്ല.

ഐപിഎല്‍ താര ലേലത്തിന് മുന്‍പ് അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക്കിനെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും സ്വന്തമാക്കുന്നത്. പിന്നാലെ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി ഹര്‍ദിക്കിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഭാവി മുന്‍പില്‍ കണ്ടാണ് തീരുമാനം എന്നായിരുന്നു മുംബൈയുടെ വിശദീകരണം. എന്നാല്‍ ഈ സമയം ബുമ്രയില്‍ നിന്ന് വന്ന പ്രതികരണവും താരത്തിന്റെ അതൃപ്തി വ്യക്തമാക്കുന്നതാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. 

സൂര്യകുമാര്‍ യാദവിനും ക്യാപ്റ്റന്‍സി മാറ്റത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. ഇതോടെ ഒരു കുടുംബം എന്ന വിളി മുംബൈ ഇന്ത്യന്‍സിന് ഇനി ചേരില്ലെന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍. രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റിയതിന് പിന്നാലെ അഞ്ച് ലക്ഷത്തോളം ഫോളോവേഴ്സിനെ മുംബൈ ഇന്ത്യന്‍സിന് ഇന്‍സ്റ്റഗ്രാമില്‍ നഷ്ടമായിരുന്നു.

Pollard Instagram story triggers fans