pakistan-field-set
  • ഷോര്‍ട്ട് കവറില്‍ മൂന്ന് ഫീല്‍ഡര്‍
  • സ്മിത്ത് വീണതോടെ സ്മിത്ത്–ലാബുഷെയ്ന്‍ കൂട്ടുകെട്ടും തകര്‍ന്നു
  • 38 റണ്‍സ് എടുത്താണ് സ്മിത്ത് മടങ്ങിയത്

സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്താന്‍ അസാധാരണ ഫീല്‍ഡ് സെറ്റ് ഒരുക്കി പാകിസ്ഥാന്‍ നായകന്‍ ഷാന്‍ മസൂദ്. സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിനം സ്മിത്തിനെ പുറത്താക്കാനായി ഷോര്‍ട്ട് കവറില്‍ മൂന്ന് ഫീല്‍ഡര്‍മാരെയാണ് ഷാന്‍ മസൂദ് നിര്‍ത്തിയത്. ഷാന്‍ മസൂദിന്റെ ട്രാപ്പില്‍ സ്മിത്ത് വീഴുകയും ചെയ്തു. 

ഓസീസ് ഇന്നിങ്സിന്റെ 73ാം ഓവറില്‍ മിര്‍ ഹംസ പന്തെറിയാനെത്തിയപ്പോള്‍ രണ്ട് ഫീല്‍ഡര്‍മാരെയാണ് ഷോര്‍ട്ട് കവറില്‍ ഷാന്‍ മസൂദ് നിര്‍ത്തിയത്. പിന്നാലെ മൂന്നാമത്തെ ഫീല്‍ഡറെ കൂടി ഷോര്‍ട്ട് കവറിലേക്ക് കൊണ്ടുവന്നു. ഓഫ് സ്റ്റംപിന് പുറത്തായി പന്തെറിയാനായിരുന്നു ബൗളര്‍ക്് പാക് ക്യാപ്റ്റന്‍ നല്‍കിയ നിര്‍ദേശം. മിര്‍ ഹംസയുടെ ഡെലിവറിയില്‍ കവറിന് മുകളിലൂടെ ലോഫ്റ്റഡ് ഷോട്ട് കളിക്കാന്‍ മുതിര്‍ന്ന സ്മിത്ത് ബാബര്‍ അസമിന്റെ കൈകളിലേത്ത് എത്തി. 

പാക് നായകന്റെ തന്ത്രത്തിലൂടെ സ്മിത്ത് വീണതോടെ സ്മിത്ത്–ലാബുഷെയ്ന്‍ കൂട്ടുകെട്ടും തകര്‍ന്നു. 79 റണ്‍സ് ആണ് ഇരുവരും ചേര്‍ന്ന് കണ്ടെത്തിയിരുന്നത്. 38 റണ്‍സ് എടുത്താണ് സ്മിത്ത് മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ അര്‍ധ ശതകം പിന്നിട്ട് നിന്ന ലാബുഷെയ്നും മടങ്ങി. 147 പന്തില്‍ നിന്ന് 60 റണ്‍സ് എടുത്ത ലാബുഷെയ്നിനെ സല്‍ബാന്‍ അലി ബൗള്‍ഡാക്കി. 

Pakistan captain's field set to get smith's wicket