പെര്‍ത്ത് ടെസ്റ്റില്‍ പാക്കിസ്ഥാനെ 360 റണ്‍സിന് തകര്‍ത്ത് ഓസ്ട്രേലിയ. രണ്ടാം ഇന്നിങ്സില്‍ 450 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാനെ ഓസ്ട്രേലിയ 89 റണ്‍സിന് ചുരുട്ടിക്കെട്ടി. മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. പാക് നിരയില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പടെ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. രണ്ടുവിക്കറ്റ് വീഴ്ത്തിയ നേഥന്‍ ലയണ്‍ അഞ്ഞൂറ് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
രണ്ട് ഇന്നിങ്സിലും അര്‍ധ ശതകം നേടുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മിച്ചല്‍ മാര്‍ഷ് ആണ് കളിയിലെ താരം. 24 റണ്‍സ് നേടിയ സൗദ് ഷക്കീല്‍ ആണ് പാകിസ്താന്റെ രണ്ടാം ഇന്നിങ്സിലെ ടോപ് സ്കോറര്‍. പാകിസ്താന്റെ രണ്ടാം ഇന്നിങ്സിലെ ആദ്യ ഓവറിലെ അവസാന പന്തില്‍ അബ്ദുല്ല ഷഫീഖിനെ അലക്സ് കാരിയുടെ കൈകളിലെത്തിച്ച മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് പാകിസ്താന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഹെയ്സല്‍വുഡിന്റെ ഉഴമായിരുന്നു. വണ്‍ ഡൗണായ ക്യാപ്റ്റന്‍ ഷാന്‍ മസൂദിനെ ഹെയ്സല്‍വുഡ് ഡ്രസ്സിങ് റൂമിലേക്ക് മടക്കുമ്പോള്‍ പാകിസ്താന്‍ സ്കോര്‍ 17-2.
10 റണ്‍സ് എടുത്ത് നിന്നിരുന്ന ഇമാം ഉള്‍ ഹഖിനെ മടക്കി സ്റ്റാര്‍ക്കിന്റെ പ്രഹരം വീണ്ടും എത്തി. പിന്നാലെ ബാബറിലായി പാകിസ്താന്റെ പ്രതീക്ഷ. എന്നാല്‍ ക്യാപ്റ്റന്റെ ഭാരം ചുമലില്‍ നിന്ന് ഒഴിഞ്ഞിട്ടും ടീമിനെ രക്ഷിച്ചു കയറ്റാന്‍ ബാബറിനായില്ല. 37 പന്തില്‍ നിന്ന് 14 റണ്‍സ് എടുത്ത് നില്‍ക്കെ ഓസീസ് ക്യാപ്റ്റന്‍ കമിന്‍സ് ബാബറിനെ വീഴ്ത്തി.
സൗദ് ഷക്കീല്‍ ഒരറ്റത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഓസീസ് ബൗളര്‍മാര്‍ക്ക് മുന്‍പില്‍ നിലയുറപ്പിക്കാനായില്ല. പാക് വാലറ്റവും പൊരുതാതെ കീഴടങ്ങിയതോടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ കൂറ്റന്‍ ജയത്തിലേക്ക് എത്തി. നേരത്തെ ഒന്നാം ഇന്നിങ്സില്‍ 487 റണ്‍സ് ആണ് ഓസ്ട്രേലിയ കണ്ടെത്തിയത്. ഡേവിഡ് വാര്‍ണറുടെ സെഞ്ചറിയുടേയും മിച്ചല്‍ മാര്‍ഷിന്റെ അര്‍ധ ശതകത്തിന്റേയും ബലത്തിലായിരുന്നു ഇത്. പാകിസ്താന്റെ ഒന്നാം ഇന്നിങ്സ് 271 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്സില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ ഓസ്ട്രേലിയ ഡിക്ലയര്‍ ചെയ്തു.