2024 ലെ കോപ്പ അമേരിക്കയ്ക്കു ശേഷം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജന്‍റീനിയന്‍ താരം എയ്ഞ്ചല്‍ ഡി മരിയ. തന്‍റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘അവസാനത്തെ പ്ലേ ഓഫ് ഗെയിമിനു സമയമായി. ആളുകളുടെ കൈയ്യടികള്‍ എന്റെ ആത്മാവിൽ നിറയുന്നത് എനിക്ക് വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല. ആ സ്നേഹത്തിന്‍റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നു. എന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും ഇല്ലെങ്കില്‍ ഇങ്ങനെയൊരു കഥ ഉണ്ടാകുമായിരുന്നില്ല. അവരുടെ സ്നേഹമാണ് എന്ന ഞാനാക്കി മാറ്റിയത്’. അദ്ദേഹം ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു.

 

‘കോപ്പ അമേരിക്കയിലായിരിക്കും ഞാൻ അർജന്റീനിയൻ കുപ്പായം അവസാനമായി ധരിക്കുന്നത്. എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒന്നിനോട് ഞാൻ വിട പറയുകയാണ്. ആത്മാവിനെ വിരിഞ്ഞു മുറുക്കുന്ന വേദനയോടെ വാക്കുകള്‍ ഇടറിയാണ് ഞാന്‍ വിട വാങ്ങുന്നത്’. അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആരാധകർക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും ടീം അംഗങ്ങൾക്കും നന്ദി പറഞ്ഞ അദ്ദേഹം അര്‍ജന്‍റീന ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് അതെന്നെന്നും തുടരും എന്നും പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ സ്പാനിഷ് ഭാഷയിലാണ് അദ്ദേഹം വിരമിക്കല്‍ കുറിപ്പെഴുതിയത്.

 

2024 ലെ കോപ്പ അമേരിക്ക വരെ താരം അർജന്റീന ട‍ീമിലുണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം അവസാനം റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഉടന്‍ കളി നിർത്തില്ലെന്നായിരുന്നു അന്ന് മരിയ ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞത്. ചാംപ്യനായി കളി തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2024 ജൂൺ 20 മുതൽ ജൂലൈ 14 വരെ യു.എസിലാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്.

2008 ൽ അർജന്റീനയ്ക്കായി അരങ്ങേറിയ ഡി മരിയ ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ നിർണായക പ്രകടനം കാഴ്ചവയ്ക്കുകയും ലയണൽ മെസ്സിയോടൊപ്പം കിരീടമുയർത്തുകയും ചെയ്തിരുന്നു. നാല് ലോകകപ്പുകളിലടക്കം ഇതുവരെ 136 മല്‍സരങ്ങള്‍ ഡി മരിയ കളിച്ചിട്ടുണ്ട്. റയൽ മാഡ്രിഡ്, പിഎസ്ജി, യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയ്ക്കായി കളിച്ച താരം നിലവില്‍ ബെൻഫിക്കയുടെ ഭാഗമാണ്.

 

Angel di Maria has announced that he will retire from international football after the Copa America 2024