crowd-1

അഹമ്മദാബാദില്‍ ഇന്ത്യ ജയിച്ചു കയറുന്നതും കാത്ത് ഒരുലക്ഷത്തി മുപ്പതിനായിരത്തോളം കാണികളാണ് സ്റ്റേഡിയം നീലക്കടലാക്കി എത്തിയത്. എന്നാല്‍ ഓസ്ട്രേലിയക്ക് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കായില്ല. ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ അഹമ്മദാബാദിലെ കാണികള്‍ക്ക് നേരെ വിമര്‍ശനം ശക്തമാവുകയാണ് ഇപ്പോള്‍. 

മര്യാദയില്ലാത്ത കാണികള്‍ എന്ന വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ഉയരുന്നത്. ഓസ്ട്രേലിയന്‍ കളിക്കാര്‍ക്ക് എതിരെ മോശം പെരുമാറ്റം കാണികളില്‍ നിന്ന് വന്നതും വിമര്‍ശനത്തിന് ഇടയാക്കുന്നു. ഈഡന്‍ ഗാര്‍ഡനിലേയും വാങ്കഡെയിലേയും കാണികളുമായി അഹമ്മദാബാദിലെ കാണികളെ താരതമ്യം ചെയ്താണ് പ്രതികരണങ്ങള്‍ ഉയരുന്നത്. കളിയുടെ യഥാര്‍ഥ സ്പിരിറ്റ് ഉള്‍ക്കൊള്ളാനും ഇന്ത്യന്‍ ടീമിനെ പ്രചോദിപ്പിക്കാനും കാണികള്‍ക്കായില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ ഉയരുന്നു. 

തുടക്കത്തില്‍ ഇന്ത്യ പ്രയാസപ്പെടുന്ന സമയം കാണികളുടെ ഭാഗത്ത് നിന്നുണ്ടായ നിശബ്ദദ കാര്യങ്ങള്‍ ഓസ്ട്രേലിയയ്ക്ക് അനുകൂലമാക്കിയെന്നും ആരാധകര്‍ പറയുന്നു. നിങ്ങള്‍ക്ക് സ്റ്റേഡിയം നിര്‍മിക്കാനാവും. എന്നാല്‍ അഭിനിവേശം ഉണ്ടാക്കിയെടുക്കാനാവില്ല എന്നും കമന്റുകളില്‍ പറയുന്നു. അഹമ്മദാബാദിലെ കാണികള്‍ നിശബ്ദരായത് തന്നെ സന്തോഷിപ്പിച്ചിരുന്നതായി ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും പറഞ്ഞിരുന്നു.