ആരായിരിക്കും ഈ ലോകകപ്പിന്‍റെ താരം? നാല് ഇന്ത്യന്‍ താരങ്ങളടക്കം ഒന്‍പതു പേരുടെ പട്ടികയാണ് ഐ.സി.സി. പുറത്തുവിട്ടിരിക്കുന്നത്. സച്ചിനും യുവ്‍രാജിനും പിന്നാലെ മൂന്നാമതൊരിന്ത്യന്‍ താരം മികവിന്‍റെ പട്ടികയിലിടം നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.
2003ല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. 2011ല്‍ യുവ്‍രാജ് സിങ്. 2023 ല്‍ ഇന്ത്യ കാത്തിരിക്കുന്നു. വിരാട് കോലി, രോഹിത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ അങ്ങനെ നാലുതാരങ്ങളാണ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് നോമിനേഷന്‍ പട്ടികയിലുള്ളത്. വിക്കറ്റ് വേട്ടയില്‍ രണ്ടാമനായ ആദം സാംപയും ഡബിള്‍ സെഞ്ചുറിയോടെ ടൂര്‍ണമെന്‍റിന്‍റെ ഐക്കണായിമാറിയ ഗ്ലെന്‍ മാക്സ്‍വെല്ലുമാണ് ഓസീസ് ടീമില്‍ നിന്നും പട്ടികയിലിടം നേടിയത്.
ന്യൂസീലന്‍ഡിന്‍റെ രചിന്‍ രവീന്ദ്രയും ഡാറില്‍ മിച്ചലും ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്കും പട്ടികയിലുണ്ട്. സെഞ്ചുറികളുടെ അകമ്പടിയോടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ടോപ് സ്കോററായ വിരാട് കോലിയുടെ ബാറ്റിങ് മികവാണ് ഐസിസി പരിഗണിക്കുന്നത്. ബാറ്റിങ് മികവിനൊപ്പം ടീമിനെ അജയ്യരാക്കി മാറ്റിയ നായകമികവാണ് രോഹിത് ശര്‍മയുടെ കരുത്ത്. മാറ്റിനിര്‍ത്തിയിടത്തു നിന്ന് മാരക ബോളിങ് മികവിലേക്കുയര്‍ന്ന മുഹമ്മദ് ഷമിയും ഡോട് ബോളുകളുടെ തമ്പുരാനായി മാറിയ ബുംറയും പട്ടികയിലുണ്ട്. ടൂര്‍ണമെന്‍റിന്‍റെ താരമായി ഐസിസി ഈ നാലുപേരില്‍ ആര് തിരഞ്ഞെടുക്കപ്പെട്ടാലും ഇന്ത്യ ആഘോഷിക്കും. കാരണം ആരാധകരുടെ മനസില്‍ നാലുപേരും എന്നേ സുവര്‍ണതാരങ്ങളായിക്കഴിഞ്ഞു.
World cup 2023; player of the tournament nomination list published