rohit-coach

ഡോംബിവാലിയിലെ ഒറ്റമുറി വീട്ടില്‍ നിന്നും 130 കോടി ജനങ്ങളുടെ ഹൃദയത്തിലേക്ക് നടന്നു കയറിയവനാണ് രോഹിത് ശര്‍മയെന്ന ഇന്ത്യന്‍ നായകന്‍. അതിന് കാരണക്കാരനായത് ദിനേഷ് ലാഡെന്ന കോച്ചാണ്. അമ്മാവന്റെ കയ്യില്‍ നിന്ന് വാങ്ങിയ പണവുമായി 1999 ല്‍ ക്രിക്കറ്റ് ക്യാംപിലെത്തിയ ഓഫ് സ്പിന്നറില്‍ വലിയ പ്രതിഭ ഒളിഞ്ഞിരിക്കുന്നത് ലാഡ് കണ്ടു. താന്‍ പരിശീലിപ്പിക്കുന്ന സ്വാമി വിവേകാനന്ദ സ്‌കൂളിലേക്ക് മാറാന്‍ രോഹിതിനോട് ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് വന്‍മതില്‍ പോലെ നില്‍ക്കുന്നത് രോഹിത് അറിഞ്ഞു. ഇപ്പോള്‍ പഠിക്കുന്ന സ്‌കൂളില്‍ 30 രൂപയ്ക്ക് എല്ലാം നടക്കുമെന്നും വിവേകാനന്ദയിലെ 275 രൂപ ഫീസ് താങ്ങാവുന്നതിനുമപ്പുറമാണെന്നും കോച്ചിനെ കാണാനെത്തിയ രോഹിതിന്റെ അമ്മാവന്‍ തുറന്നു പറഞ്ഞു. രോഹിതിനെ നഷ്ടപ്പെടുത്താന്‍ മനസ് അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റിനോട് സ്‌കോളര്‍ഷിപ് അനുവദിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ദിനേഷ് ലാഡ് പറയുന്നു. രോഹിതിന്റെ ജീവിതത്തിലെ നിര്‍ണായക തീരുമാനമായിരുന്നു അത്. 

rohit-new

തുടര്‍ന്ന് നാല് വര്‍ഷം താന്‍ ഒറ്റ പൈസ പോലും ഫീസിനത്തില്‍ നല്‍കാതെയാണ് പഠിച്ചതും കളിച്ചതുമെന്ന് രോഹിത് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ആദ്യമായാണ് ഒരു വിദ്യാര്‍ഥിക്ക് വേണ്ടി എന്തെങ്കിലും സഹായം താന്‍ സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതെന്നും അന്നത്തെ ആ തീരുമാനത്തില്‍ ഇന്നും തികഞ്ഞ സന്തോഷമുണ്ടെന്നും ദിനേഷ് ലാഡ് പറയുന്നു. രോഹിതിന് മികച്ച ബാറ്ററാകാന്‍ കഴിയുമെന്ന ലാഡിന്റെ കണക്കുകൂട്ടല്‍ പിഴച്ചില്ല. കൃത്യമായ മാര്‍ഗനിര്‍ദേശം ലഭിച്ചതോടെ രോഹിതിന് അണ്ടര്‍-17 ലേക്കുള്ള വഴി തുറന്നു.  2004 ഓടെ രോഹിത് മുംബൈയുടെ ഹൃദയത്തിലെ പുതിയ സൂര്യനായി.  

rohit-new-1

കഠിനകാലം താണ്ടിയെത്തിയ രോഹിതിന് 2007 ല്‍ ഇന്ത്യന്‍ ടീമിലേക്ക് എത്താനായെങ്കിലും പരീക്ഷണങ്ങള്‍ അവസാനിച്ചിരുന്നില്ല. റിസര്‍വ് താരമായി ടീമിനൊപ്പം പലകുറി മടങ്ങിയ രോഹിത് പക്ഷേ 2013 ല്‍ കൂറ്റനടികളുമായി തന്റെ സ്ഥാനം ഉറപ്പിച്ചു. എഴുതിത്തള്ളാന്‍ കാത്തിരുന്നവരെ അടിച്ചു പറത്തുന്ന പോലെ 16 സിക്‌സറുകള്‍. അതും ഓസ്‌ട്രേലിയയ്‌ക്കെതിരെ. ചിന്നസ്വാമി സ്റ്റേഡിയം കണ്‍കുളില്‍ക്കെ കണ്ടു ഹിറ്റ്മാന്റെ ആദ്യ ഇരട്ട സെഞ്ചറി. 2014 ല്‍ ശ്രീലങ്കയ്‌ക്കെതിരെ പടുകൂറ്റന്‍ ഇരട്ട സെഞ്ചറി. 2017 ല്‍ വീണ്ടും ഡബിള്‍, അതും ശ്രീലങ്കയ്‌ക്കെതിരെ തന്നെ.  

rohit-new-3

ക്യാപ്റ്റനായും രോഹിത് മികച്ച നേട്ടമാണ് കുറിച്ചത്. അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍, രണ്ട് ഏഷ്യാകപ്പ്..ഇപ്പോഴിതാ ഒരു കളിയില്‍ പോലും പരാജയമറിയാത്ത ടീമിന്റെ നായകനായി കലാശപ്പോരിന്. ഊണിലും ഉറക്കത്തിലും സ്വപ്‌നം കണ്ട നിമിഷമാണ് കണ്‍മുന്നില്‍ വന്ന് നില്‍ക്കുന്നതെന്ന് രോഹിത് പറയുമ്പോള്‍ തെല്ലും അവിശ്വസിക്കേണ്ടതില്ലെന്ന് ലാഡ് പറയുന്നു ലോകകപ്പെന്നാല്‍ ലോകം തന്നെയാണ് രോഹിതിനെന്ന് ഏറ്റവും നന്നായി അറിയുന്നൊരാള്‍ ലാഡാണ്. 2011 ലെ നഷ്ടം ഈ കപ്പ് കൊണ്ട് തീര്‍ക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ലാഡ്.

Could not afford the fee of Rs 275 then. The story of the birth of 'Hit Man'