ഏകദിന ലോകകപ്പില്‍ പുതുചരിത്രം കുറിച്ച് ഓസ്ട്രേലിയ. പാറ്റ് കമ്മിന്‍സിന്‍റെ നേതൃത്വത്തില്‍ ആറാം കിരീടം. കീരീടമോഹവുമായെത്തിയ ഓസീസ് ആദ്യ രണ്ട് മല്‍സരങ്ങളില്‍ തുടർ തോൽവികൾ എറ്റുവാങ്ങിയ ശേഷമാണ് ചരിത്രനേട്ടം. ആദ്യം ഇന്ത്യയോട് ആറുവിക്കറ്റിനും ദക്ഷിണാഫ്രിക്കയോട് 134 റണ്‍സിനും തോല്‍വി. പക്ഷേ പിന്നീടങ്ങോട്ട് വിളിപ്പേരു പോലെ കമ്മിന്‍സിന്‍റെ ടീം 'മൈറ്റി ഓസീസാ'യി. എട്ടുകളികളില്‍ തുടര്‍ജനങ്ങൾ. എട്ടാം ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ 240 റണ്‍സിന് പൂട്ടിക്കെട്ടി. 6 വിക്കറ്റ് ബാക്കി നില്‍ക്കെ ഓസീസ് ലക്ഷ്യം കണ്ടു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തെ സാക്ഷിയാക്കി കങ്കാരുപ്പട കിരീടം സ്വന്തമാക്കി.
1987 ല്‍ ഇന്ത്യയില്‍ വച്ച് നടന്ന ടൂര്‍ണമെന്‍റിലാണ് ആദ്യമായി ഓസീസ് കിരീടം നേടിയത്. ഏകദിനമല്‍സരങ്ങളില്‍ ഓവറുകളുടെ എണ്ണം 50 ആയി കുറച്ചശേഷമുള്ള ആദ്യ ലോകകപ്പായിരുന്നു ഇത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് അന്ന് അടിച്ചുകൂട്ടി. മറുപടിയായി 8 വിക്കറ്റിന് 246 റണ്‍സെടുക്കാനേ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളു. ഏഴ് റണ്‍സിനാണ് അന്ന് ഇംഗ്ലണ്ട് ഓസീസിനോട് പരാജയപ്പെട്ടത്.
ഒരു ദശാബ്ദത്തിന് ശേഷം 1999 ലാണ് ഓസ്‌ട്രേലിയ രണ്ടാം ലോക കിരീടം ചൂടുന്നത്. ഐസിസി ലോകകപ്പ് എന്ന പേരില്‍ നടത്തിയ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇതെന്ന പ്രത്യേകതയുമുണ്ട്. ലോർഡ്‌സിൽ ഫൈനലില്‍ അന്ന് എതിരാളി പാകിസ്ഥാനായിരുന്നു. ആദ്യം ബാറ്റിങിനിറങ്ങിയ പാകിസ്ഥാന്‍ 39 ഓവറിൽ വെറും 132 റണ്‍സ് പുറത്ത്. ഓസ്‌ട്രേലിയയാകട്ടെ വിജയലക്ഷ്യം മറികടക്കുന്നത് 20.1 ഓവറിലാണ്.
1999 ന് ശേഷം 2003 ലും 2007 ലും തുടര്‍ച്ചയായി ലോക കിരീടം ചൂടിയത് ഓസ്ട്രേലിയ തന്നെയാണ്. അതില്‍ 2003 ൽ ഓസ്ട്രേലിയയ്ക്ക് എതിരാളിയായെത്തിയത് ഇന്ത്യയായിരുന്നു. ഇന്ത്യ മറക്കാന്‍ ശ്രമിക്കുന്ന ഫൈനല്‍. ഓസ്ട്രേലിയയ്ക്കെതിരെ 125 റണ്‍സിനാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ 2 വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയ ലക്ഷ്യമുയര്‍ത്തി. റിക്കി പോണ്ടിംഗ് 121 പന്തിൽ 140* റൺസും ഡാമിയൻ മാർട്ടിൻ 84 പന്തിൽ 88* റൺസുമെടുത്തു. 39.2 ഓവറില്‍ ഇന്ത്യ 234 റണ്‍സിന് പുറത്തായി.
2007-ൽ ബ്രിഡ്ജ്ടൗണിൽ ശ്രീലങ്കയെ 53 റണ്‍സിനാണ് ഓസ്‌ട്രേലിയ തകര്‍ത്തത്. ഓസ്ട്രേലിയയുടെ ഹാട്രിക് ലോകകിരീട നേട്ടം. മഴ കാരണം 38 ഓവറായി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 38 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു. വീണ്ടും മഴ പെയ്തതോടെ ശ്രീലങ്കയുടെ വിജയലക്ഷ്യം 36 ഓവറില്‍ 269 ആയി പുതുക്കി നിശ്ചയിക്കുകയായിരുന്നു. വെളിച്ചക്കുറവ് കാരണം കളി നിര്‍ത്തിവച്ചെങ്കിലും ബാറ്റിങ് തുടരാമെന്ന് ശ്രീലങ്ക. ഒടുവില്‍ ഇരുട്ട് കനത്തതോടെ ഡക് വര്‍ത്ത്–ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയയെ വിജയികളായി പ്രഖ്യാപിച്ചു.
2015 ലായിരുന്നു ഓസ്ട്രേലിയയുടെ അഞ്ചാം കിരീടനേട്ടം. അതും മെല്‍ബണില്‍ സ്വന്തം കാണികകള്‍ക്ക് മുന്നില്‍. ബോളിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ കിവികളെ 183 റണ്‍സില്‍ ചുരുട്ടിക്കെട്ടി. ഏഴുവിക്കറ്റ് നഷ്ടത്തില്‍ 33.1 ഓവറിലാണ് അന്ന് ഓസ്ട്രേലിയ വിജയലക്ഷ്യം മറികടന്നത്.
2023ല്‍ ലോകകപ്പ് കിരീടം വീണ്ടും ഓസ്ട്രേലിയയിലേക്ക്. കന്നിക്കിരീടം ചൂടിയ നാട്ടില്‍ സ്വന്തം ടീമിനായി ആര്‍ത്തുവിളിച്ച കാണികളെ നിശബ്ദരാക്കി കൂടിയാവുമ്പോള്‍ കമ്മിന്‍സിനും ടീമിനും ആദ്യമേറ്റ തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയാവുകയാണ്.
Australia's unparalleled icc world cup history