ലോകക്രിക്കറ്റിന്‍റെ നെറുകെയില്‍ കിരീടനേട്ടങ്ങള്‍കൊണ്ട് മഹാരാജാവാണ് ടീം ഓസ്ട്രേലിയ. 48വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തില്‍ ഓസീസിനോളം ആധിപത്യം പുലര്‍ത്തിയ മറ്റൊരു ടീമില്ല. അടങ്ങാത്ത വിജയാഭിനിവേശം, അവസാന നിമിഷം വരെ പൊരുതുന്ന പോരാട്ടവീര്യം. അതാണ്, തോല്‍വികളില്‍ നിന്ന് കിരീടപ്പടിക്കലെത്തിയ ഓസീസിന്‍റെ വിജയഫോര്‍മുല.
ഓസീസെന്ന ടീമിനെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാതിരിക്കാം, പക്ഷേ, ഒരിക്കലും മാറ്റിനിര്‍ത്താനാകില്ല. ക്രിക്കറ്റില്‍ പ്രൊഫഷണലിസത്തിന്‍റെ അവസാനവാക്ക്. ഒരിക്കല്‍ പോയിന്‍റ് ടേബിളില്‍ അവസാന സ്ഥാനാക്കാരായിരുന്നു കംഗാരുക്കള്‍. അവിടെ നിന്ന് കുതിച്ചുചാടി അഹമ്മദാബാദിലെത്തിയിരിക്കുന്നു. എഴുതിത്തള്ളാനൊരുങ്ങിയവര്‍ എതിരേല്‍ക്കേണ്ടി വന്ന കാഴ്ച. എന്നും ഓസീസ് ഇങ്ങനെയായിരുന്നു. 1975ലെ ആദ്യ ലോകകപ്പില്‍ റണ്ണേഴ്സ് അപ്പായി തുടങ്ങിയതാണ് ആ വിജയക്കുതിപ്പ്.
ഇന്ന് കയ്യിലുള്ളത് അഞ്ച് ഏകദിനലോകകിരീടങ്ങള്‍. കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ ഇടറിവീണു. ഈ ലോകകപ്പില്‍ തുടക്കം തോല്‍വികളോടെ. ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും അടിപതറി. പക്ഷേ, പിന്നീട് കണ്ടത് ടീം ഓസ്ട്രേലിയയുടെ മാജിക് മൊമന്‍റ്സ്. ബാറ്റിങ്ങില്‍ ഡേവിഡ് വാര്‍ണറും ലബുഷെയ്നും തുടക്കമിടുന്ന അടിത്തറയില്‍ സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും തകര്‍ത്താടിയാല്‍ പവര്‍ പ്ലെയിലും മധ്യ ഓവറുകളിലും ബോളര്‍മാര്‍ വിയര്‍ക്കേണ്ടിവരും. ഇനി ഓപ്പണേഴ്സിന് അടിതെറ്റിയാലും ഒറ്റക്കാലില്‍ പോലും കളിജയിപ്പിക്കാന്‍ കരുത്തുള്ള മാക്സ്‍വെല്ലും കാമറോണ്‍ ഗ്രീനും കാത്തിരിപ്പുണ്ട്. അവസാന വിക്കറ്റുകളില്‍ പോലും വിജയദാഹമടങ്ങാത്തൊരു ബാറ്റിങ് നിര. ബോളിങ്ങില്‍ മൂന്ന് ലോകകപ്പുകളായി ഓസീസിന്‍റെ വിക്കന്‍ മെഷീന്‍ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്സല്‍വുഡും തുടങ്ങിവയ്ക്കുന്ന പേസ് അറ്റാക്കിനെ അതിജീവിക്കാന്‍ ഇന്ത്യയ്ക്ക് കരുതല്‍ കൂടുതല്‍ വേണ്ടിവരും. ഒപ്പം വിക്കറ്റ് വേട്ടക്കാരന്‍ സാംബയുടെ കുത്തിത്തിരിയുന്ന പന്തുകളും ക്യാപ്റ്റന്‍ കമ്മിന്‍സിന്‍റെ കൃത്യതയും ഒത്തുചേര്‍ന്നാല്‍ ഓസീസിന് ആറാം തമ്പുരാനായി അഹമ്മദാബാദില്‍ വിലസാം. ഇന്ത്യ ജയിക്കണമെന്ന് മനസില്‍ ഒരായിരം തവണ ആവര്‍ത്തിക്കുമ്പോഴും എതിരാളികള്‍ ഓസീസാണെന്നത് ചങ്കിടിപ്പ് കൂട്ടും. അതുതന്നെയാണ് ടീം ഓസ്ട്രേലിയയുടെ, ക്രിക്കറ്റിന്‍റെ വിജയം.
Ausralia cricket team