rachinhomebnglr-10
  • സച്ചിന്‍റെ 27 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തു
  • ഒന്‍പത് ഇന്നിങ്സുകളില്‍ നിന്ന് 565 റണ്‍സ്
  • മൂന്ന് സെ‍ഞ്ചറിയും രണ്ട് അര്‍ധ സെഞ്ചറിയും

കന്നി ലോകകപ്പില്‍ത്തന്നെ മിന്നുംപ്രകടനം പുറത്തെടുത്ത ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയാണ് ഈ ലോകകപ്പിന്‍റെ താരങ്ങളിലൊരാള്‍. പേരിലും വേരിലും ഇന്ത്യന്‍ ബന്ധമുള്ളയാളാണ് രചിന്‍. ഇന്ത്യക്കാരായ മാതാപിതാക്കളുടെ മകന് സ്വന്തം പേര് പോലും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളോടുള്ള മാതാപിതാക്കളുടെ ആരാധനയില്‍ നിന്ന് ലഭിച്ചതാണ്. രാഹുല്‍ ദ്രാവിഡും സച്ചിന്‍ തെല്‍ഡുല്‍ക്കറും പേരിലുള്ളയാള്‍ ക്രീസില്‍ തിളങ്ങാതിരിക്കുന്നതെങ്ങനെ? ശ്രീലങ്കയ്ക്കെതിരായ മിന്നും ജയത്തിന് പിന്നാലെ ബെംഗളൂരുവിലെ വീട്ടിലെത്തിയ രചിനെ മുത്തശ്ശിയും മുത്തച്ഛനും സ്വീകരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ മനംകവരുകയാണ്.

ദൃഷ്ടി ദോഷങ്ങളൊഴി‍ഞ്ഞുപോകാന്‍ മന്ത്രം ചൊല്ലി ഉഴിഞ്ഞാണ് രചിനെ മുത്തശ്ശി സ്വീകരിച്ചത്. ‘മുത്തശ്ശിമാരുടെ സ്നേഹം ഉപാധികളില്ലാത്തതാണെന്നും’ ഇത് ‘നമ്മുടെ ചിന്നസ്വാമിയില്‍കളിച്ച പയ്യനല്ലേ’യെന്നും ആരാധകര്‍ വിഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. വെല്ലിങ്ടണില്‍ ജനിച്ച രചിന്‍ അഞ്ചാം വയസുമുതല്‍ ക്രിക്കറ്റ് മനസിലേറ്റി. എല്ലാ വര്‍ഷവും ക്ലബ് ക്ലിക്കറ്റ് കളിക്കാന്‍ താരം ബെംഗളൂരുവിലെത്തിയിരുന്നു.

ഒന്‍പത് ഇന്നിങ്സുകളില്‍ നിന്ന് മൂന്ന് സെഞ്ചറികളും രണ്ട് അര്‍ധസെഞ്ചറികളുമടക്കം 565 റണ്‍സാണ് ഈ ലോകകപ്പില്‍ രചിന്‍റെ ഇതുവരെയുള്ള സമ്പാദ്യം.പുറത്താകാതെ നേടിയ 123 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍. ശ്രീലങ്കയ്ക്കെതിരായ മല്‍സരത്തിലെ പ്രകടനത്തോടെ സാക്ഷാല്‍ സച്ചിന്‍റെ റെക്കോർഡും രചിൻ മറികടന്നു. 25 വയസ്സിനു മുന്‍പ് ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടമാണ് രചിന്‍ സ്വന്തം പേരിലാക്കിയത്. 1996ലെ ലോകകപ്പിൽ 523 റൺസ് നേടിയ സച്ചിന്റെ റെക്കോർഡ് ഇതോടെ പഴങ്കഥയായി.

 

Rachin Ravindra at grandparents' Bengaluru home; Video viral