ചിത്രം: AFP
ലോകകപ്പ് മല്‍സരത്തിനിടെ ടൈം ഔട്ടിലൂടെ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ഏയ്‌ഞ്ചലോ മാത്യൂസിനെ ബംഗ്ലദേശ് പുറത്താക്കിയതിന്‍റെ വിവാദം ഇതുവരെയും അടങ്ങിയിട്ടില്ല. ധാര്‍മികത ഇല്ലാത്ത പ്രവര്‍ത്തിയായി പോയെന്നും നിലവാരമില്ലായ്മയാണെന്നുമെല്ലാം ആക്ഷേപം ഉയര്‍ന്നുവെങ്കിലും ഏയ്ഞ്ചലോയുടെ സഹോദരന്‍റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഷാക്കിബ് ശ്രീലങ്കയിലേക്ക് ക്രിക്കറ്റ് കളിക്കാനായി വരേണ്ടതില്ലെന്നും വന്നാല്‍ കല്ലെടുത്ത് എറിയുമെന്നും ആരാധകരുടെ രോഷം അറിയുമെന്നുമായിരുന്നു ട്രെവിസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'ഷാക്കിബിന്‍റെ പെരുമാറ്റം കടുത്ത നിരാശയാണ് ഉണ്ടാക്കിയത്. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലെടുത്തില്ലെന്ന് മാത്രമല്ല, മാന്യന്മാരുടെ കളിയില്‍ പുലര്‍ത്തേണ്ട മനുഷ്യത്വം പോലും ഉണ്ടായില്ല. ബംഗ്ലദേശ് ക്യാപ്റ്റനില്‍ നിന്നോ ടീം അംഗങ്ങളില്‍ നിന്നോ ഇത്തരമൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചില്ലെ'ന്നും ട്രവിസ് കൂട്ടിച്ചേര്‍ത്തു.
രാജ്യാന്തര ക്രിക്കറ്റിന്‍റെ 146 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ് ടൈം ഔട്ടിലൂടെ ഒരാള്‍ പുറത്താകുന്നത്. ഹെല്‍മെറ്റ് സ്ട്രാപ് തകരാറിലായതിനെ തുടര്‍ന്ന് ഏയ്ഞ്ചലോ സ്ട്രൈക്ക് എടുക്കാന്‍ രണ്ടുമിനിറ്റ് വൈകി. ഇതോടെ ബംഗ്ലദേശ് ക്യാപ്റ്റനായ ഷാക്കിബ് അപ്പീല്‍ നല്‍കി. അപ്പീല്‍ പിന്‍വലിക്കാന്‍ തയ്യാറാവാതിരുന്നതോടെ ഏയ്ഞ്ചലോ മാത്യൂസിനെ അംപയര്‍ പുറത്താക്കുകയായിരുന്നു.
സംഭവത്തോട് രൂക്ഷമായ ഭാഷയിലാണ് ഏയ്‍ഞ്ചലോയും പ്രതികരിച്ചത്. 'തരംതാഴ്ന്ന പ്രവര്‍ത്തിയായി പോയി. എല്ലാവരും ജയിക്കാനാണ് കളിക്കുന്നത്. പക്ഷേ വിക്കറ്റെടുക്കാനായി ഒരു ടീമും ഇത്രയും തരംതാഴുമെന്ന് താന്‍ കരുതിയില്ലെ'ന്നായിരുന്നു എയ്ഞ്ചലോ മാധ്യമങ്ങളോട് പിന്നീട് പറഞ്ഞത്. കളിയില്‍ ബംഗ്ലദേശ് മൂന്ന് വിക്കറ്റിന് ജയിച്ചിരുന്നു. ശ്രീലങ്കയും ബംഗ്ലദേശും ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും പുറത്തായി.
Stones will be thrown at him; says Angeolo's brother in Time Out row, World cup