ഫയല്‍ ചിത്രം

ഏകദിന ക്രിക്കറ്റില്‍ 49 സെഞ്ചറികളെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ നേട്ടത്തിനൊപ്പമെത്തിയ വിരാട് കോലിയെ അഭിനന്ദിച്ച് ടീം ഇന്ത്യയുടെ മുന്‍ കോച്ച് രവിശാസ്ത്രി. വലിയ റെക്കോര്‍ഡുകള്‍ പിന്തുടരുമ്പോള്‍ താരങ്ങള്‍ പലപ്പോഴും കടുത്ത സമ്മര്‍ദത്തിന് അടിപ്പെട്ട് പോകാറുണ്ടെന്നും ശാസ്ത്രി ഓര്‍ത്തെടുത്തു. 49–ാം സെഞ്ചറി തികയ്ക്കുന്നതിന് മുന്‍പ് 95 ലും 88 ലും വച്ച് കോലി നേരത്തെ പുറത്തായിരുന്നു. കോലി അനുഭവിച്ച സമ്മര്‍ദം സുനില്‍ ഗവാസ്കറുടെ 34 ടെസ്റ്റ് സെഞ്ചറി നേട്ടത്തിനൊപ്പമെത്തുമ്പോള്‍ സച്ചിനും അനുഭവിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

34–ാം ടെസ്റ്റ് സെഞ്ചറി നേട്ടമെന്ന തന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയ സച്ചിനെ സുനില്‍ ഗവാസ്കര്‍ അഭിനന്ദിച്ചപ്പോള്‍, ഫയല്‍ ചിത്രം

'റെക്കോര്‍ഡുകളുമായി അദമ്യമായ പ്രണയത്തിലായ രാജ്യമാണ് നമ്മുടേത്. പ്രത്യേകിച്ചും സെഞ്ചറികളുമായി. സുനില്‍ ഗവാസ്കറായിരുന്നു ഈ ട്രെന്‍ഡിന് തുടക്കം കുറിച്ചത്. സച്ചിന്‍ അദ്ദേഹത്തിന്‍റെ 34–ാം സെഞ്ചറി നേട്ടത്തിലേക്ക് കുതിക്കുമ്പോഴും കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ലെന്ന് ഞാന്‍ ഓര്‍ക്കുന്നു. ഉറക്കമില്ലാത്ത രാത്രികള്‍ സച്ചിനുണ്ടായി. പലപ്പോഴും 70 ലും 80 ലും പുറത്തായി, കോലിയെ പോലെ' എന്നായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍.

 

കൃത്യമായ ആസൂത്രണത്തോടെയാണ് കോലി കളിക്കാനെത്തിയതെന്നും പന്ത് വഴുതി മാറിയിട്ടും സമ്മര്‍ദത്തെ അതിജീവിച്ച് കോലി ലക്ഷ്യത്തിലെത്തിയെന്നും ശാസ്ത്രി പ്രശംസിച്ചു.  121 പന്തുകളില്‍ നിന്നാണ് കോലി 102 റണ്‍സ് നേടിയത്. നവംബര്‍ 12ന് നെതര്‍ലന്‍ഡ​്​സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.